കുറിഞ്ഞിപ്പൂക്കാല​ത്തെ വരവേൽക്കാൻ മൂന്നാറിൽ മുന്നൊരുക്കം തുടങ്ങി

മൂന്നാർ: കുറിഞ്ഞിപ്പൂക്കാലത്തെ വരവേൽക്കാൻ മൂന്നാറിൽ മുന്നൊരുക്കം തുടങ്ങി. 2018ലെ നീലവസന്തം ആഘോഷിക്കാൻ ലക്ഷക്കണക്കിന് സഞ്ചാരികൾ മൂന്നാറിലേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പി​െൻറ വിലയിരുത്തൽ. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. 2006ൽ ഇരവികുളത്ത് മൂന്ന് മാസംകൊണ്ട് അഞ്ചരലക്ഷം സന്ദർശകരാണ് എത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം മണിക്കൂറുകൾ ട്രാഫിക് കുരുക്ക് അനുഭവപ്പെടുകയും പൊലീസടക്കം അധികാരികളെ വലക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ അതിലും സങ്കീർണമാണ് പ്രശ്നങ്ങൾ. അന്നുണ്ടായിരുന്ന സൗകര്യങ്ങളിൽ പകുതിപോലും ഇപ്പോഴില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വാർഡൻ ആർ. ലക്ഷ്മി പറയുന്നു. മൂന്നാറിലെത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഇരവികുളം ദേശീയോദ്യാനത്തിൽ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ ഒരുപരിധിവരെ പാർക്ക് ചെയ്യുന്നതിന് വനംവകുപ്പ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങൾ നിർത്തുന്നതിന് നിലവിൽ രാജമലയിൽ സംവിധാനങ്ങളില്ല. ഇത്തരം വാഹനങ്ങൾ രാജമലയിൽ എത്തുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ ട്രാഫിക് കുരുക്കിന് അയവുവരുത്താൻ കഴിയും. ക്രമാതീതമായി സഞ്ചാരികളെത്തുന്നത് മൂന്നാറിലെ തോട്ടം തൊഴിലാളികളടക്കമുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ ഇടയുണ്ട്. ഇത്തരം പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഒരുമാസത്തിനകം വാർഡൻ കലക്ടർക്ക് കൈമാറും. കുറിഞ്ഞി വസന്തം ആസ്വാദിക്കാനെത്തുന്ന സഞ്ചാരികൾ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ചർച്ച നടത്താനും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. വരയാടുകൾ മേയുന്ന ഇരവികുളം മലനിരകളിൽ ലക്ഷക്കണക്കിന് കുറിഞ്ഞിപ്പൂക്കളാവും ഒരേസയം വിരിയുക. പൂക്കൾ പറിക്കാതിരിക്കാനും തൈകൾ മോഷ്ടിക്കാതിരിക്കാനും കൂടുതൽ വാച്ചർമാരെ നിയമിക്കാനും ആലോചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.