തൊടുപുഴ: തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. ഏറെ വൈകി ഹർത്താൽ പ്രഖ്യാപനമുണ്ടായതിനാൽ വിവരമറിയാതെ ജില്ലയിലെത്തിയ യാത്രക്കാരടക്കമുള്ളവർ വലഞ്ഞു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നടത്തിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പലയിടങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനം തടയുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ഹർത്താൽ വിവരമറിയാതെ രാവിലെ ബസ് സ്റ്റാൻഡിലെത്തിയവരാണ് വലഞ്ഞത്. തൊടുപുഴ ഡിപ്പോയിൽനിന്ന് രാവിലെയുള്ള രണ്ട് സർവിസ് മാത്രമാണുണ്ടായിരുന്നത്. ഹർത്താലിനോടനുബന്ധിച്ച് ബി.ജെ.പി നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. മൂലമറ്റം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് സർവിസുകളൊന്നും നടത്തിയില്ല. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞുകിടന്നു. രാവിലെ തുറന്ന് പ്രവർത്തിച്ച സ്ഥാപനങ്ങൾ ഹർത്താലനുകൂലികൾ അടപ്പിച്ചു. എസ്റ്റേറ്റ് ഞായറാഴ്ച അവധിയായതിനാൽ തൊഴിലാളികൾ ഈ ദിവസങ്ങളിൽ മൂന്നാറിലെത്തി വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങുകയാണ് ചെയ്യാറ്. എന്നാൽ, ഹർത്താൽ പ്രഖ്യാപിച്ചത് തിരിച്ചടിയായി. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ 10 മിനിറ്റോളം തടഞ്ഞിട്ടശേഷമാണ് കടത്തിവിട്ടത്. അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലും ഹർത്താലനുകൂലികൾ വാഹനങ്ങൾ അൽപസമയം തടഞ്ഞിട്ടു. ഹോട്ടലുകൾ ഉൾപ്പെടെ അടഞ്ഞുകിടന്നു. നെടുങ്കണ്ടം, തൂക്കുപാലം എന്നിവിടങ്ങളിൽ രാവിലെ തുറന്ന വ്യാപാര സ്ഥാപനങ്ങൾ ഹർത്താലനുകൂലികൾ അടപ്പിച്ചു. ഇത് നേരിയ സംഘർഷത്തിനിടയാക്കി. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ബി.ജെ.പി പ്രവർത്തകർ രാവിലെ നെടുങ്കണ്ടത്ത് പ്രകടനവും നടത്തി. പൂപ്പാറയില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി രാജകുമാരി: ഹര്‍ത്താലിനെ തുടർന്ന് പൂപ്പാറയില്‍ സംഘര്‍ഷം. ഏറ്റുമുട്ടലിെൻറ സാഹചര്യവും ഉണ്ടായതോടെ പൊലീസ് ലാത്തിവീശി. പൂപ്പാറയില്‍ കടകള്‍ അടപ്പിക്കാന്‍ എത്തിയ പ്രവര്‍ത്തകരുമായി വ്യാപാരികള്‍ വാക്കുതര്‍ക്കം ഉണ്ടായതാണ് സംഭവങ്ങളുടെ തുടക്കം. വ്യാപാരികൾ പ്രതിഷേധവുമായി എത്തിയതോടെ ബി.ജെ.പി പ്രവര്‍ത്തകരെ ശാന്തന്‍പാറ എസ്.ഐ വിനോദിെൻറ നേതൃത്വത്തില്‍ കരുതല്‍ തടങ്കലില്‍വെച്ചു. പ്രവർത്തകരെ കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് പല മേഖലകളില്‍നിന്ന് പ്രവര്‍ത്തകര്‍ പൂപ്പാറയില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം പൂപ്പാറ-രാജാക്കാട് റോഡില്‍ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും നിര്‍ത്താതെ പോയ തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിെൻറ ചില്ല് എറിഞ്ഞുടക്കുകയും ചെയ്തു. ഇതിനിടെ സി.പി.എം പ്രവര്‍ത്തകരെ മുദ്രാവക്യത്തിനിടെ ചീത്ത വിളിച്ചെന്ന് ആരോപിച്ച് പൂപ്പാറയില്‍ പ്രവർത്തകർ തടിച്ചുകൂടുകയും ബി.ജെ.പി പ്രവര്‍ത്തകരുമായി പരസ്പരം പോര്‍വിളി നടത്തുകയും ചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ദേവികുളം സി.ഐ സി.ആർ. പ്രമോദിെൻറ നേതൃത്വത്തില്‍ ലാത്തിവീശി. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂപ്പാറയില്‍ പ്രകടനം നടത്തി. പൂപ്പാറ മേഖലയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയാല്‍ രാജകുമാരി, രാജാക്കാട്, ശാന്തന്‍പാറ, സേനാപതി തുടങ്ങിയ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. വ്യാപാരികൾക്ക് കനത്ത നഷ്ടം വണ്ടിപ്പെരിയാർ: പാതിരാത്രി പ്രഖ്യാപിച്ച ഹർത്താൽ ഹൈറേഞ്ച് മേഖലയിലെ വ്യാപാരികൾക്ക് നൽകിയത് വലിയ നഷ്ടം. വണ്ടിപ്പെരിയാർ, പാമ്പനാർ, ഉപ്പുതറ തുടങ്ങിയ തോട്ടംമേഖലകളിൽ കൂടുതൽ വ്യാപാരം നടക്കുന്ന ചന്ത പ്രവർത്തിക്കുന്നത് ഞായറാഴ്ചകളിലാണ്. തോട്ടം തൊഴിലാളികൾക്ക് അവധി ലഭിക്കുന്ന ദിവസമായതിനാലാണ് മെച്ചപ്പെട്ട വ്യാപാരം നടക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള വ്യാപാരികളും ഈ ദിവസങ്ങളിൽ പലചരക്ക് വസ്തുക്കളുമായി എത്തുമായിരുന്നു. ഞായറാഴ്ച കച്ചവടം ലക്ഷ്യമിട്ട് വലിയ അളവിൽ പച്ചക്കറിയും പലചരക്ക്, പഴവർഗങ്ങളും ശനിയാഴ്ച തന്നെ എത്തിക്കുകയും ചെയ്തു. ഹർത്താൽ മുൻകൂട്ടി അറിയിച്ചില്ലെങ്കിൽ ബഹിഷ്കരിക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനവും ഇത്തവണ നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.