പത്ത് കി.മീറ്റർ ചുറ്റളവിൽ നാശം, മുന്നൂറോളം മരങ്ങൾ നിലംപൊത്തി, അമ്പതിലേറെ വീട് തകർന്നു, വൈദ്യുതി നിലച്ചു, ഗതാഗതം മുടങ്ങി തൊടുപുഴ: തൊടുപുഴക്ക് സമീപം വണ്ടമറ്റം, വണ്ണപ്പുറം, ഏഴുമുട്ടം, കാരൂപ്പാറ, കരിമണ്ണൂർ മേഖലയിൽ ബുധനാഴ്ച രാവിലെ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപകനാശം. രാവിലെ 9.45ഒാടെയായിരുന്നു ചെറിയ മഴക്കൊപ്പം പ്രദേശത്തെ ഇളക്കിമറിച്ച് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. അമ്പതിലേറെ വീടാണ് നിമിഷങ്ങൾക്കകം കാറ്റിൽ തകർന്നത്. മുന്നൂറ് ഏക്കറിലധികം കൃഷിയും നശിച്ചു. വൻ മരങ്ങൾ കടപുഴകി ഗതാഗതവും വൈദ്യുതിബന്ധവും മണിക്കൂറുകൾ നിലച്ചു. ഇരുനൂറിലധികം വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു. കൂടാതെ ടെലിഫോൺ പോസ്റ്റുകളും കേബിൾ സംവിധാനവും തകരാറിലായി. ഞറുക്കുറ്റിയിൽനിന്ന് വണ്ണപ്പുറത്തിനും കരിമണ്ണൂർ മേഖലകളിലേക്കും ഗതാഗതം മണിക്കൂറുകളോളമാണ് മുടങ്ങിയത്. നൂറോളം ചെറുതും വലുതുമായ മരങ്ങളാണ് റോഡിൽ മാത്രം പതിച്ചത്. ഈ സമയം നിരവധി വാഹനങ്ങൾ കടന്നുപോയെങ്കിലും നേരിയ വ്യത്യാസത്തിൽ അപകടം ഒഴിവായി. ചില വാഹനങ്ങൾ ഇരു വശത്തേക്കും ചലിക്കാനാകാതെ മരങ്ങൾക്കിടയിൽ കുടുങ്ങി. പുറപ്പുഴ, കുമാരമംഗലം, നാകപ്പുഴ മേഖലകളിലും ചുഴലി നാശം വിതച്ചു. തൊടുപുഴ, മൂലമറ്റം, കല്ലൂർക്കാട്, പിറവം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽനിന്ന് ആറ് യൂനിറ്റ് ഫയർഫോഴ്സ് എത്തി മണിക്കൂറുകളോളം പണിപ്പെട്ടാണ് ഗതാഗതം ഏറക്കുറെ പുനഃസ്ഥാപിച്ചത്. മരങ്ങൾ കടപുഴകിയതിനൊപ്പം വൈദ്യുതി കേബിൾകൂടി പൊട്ടിവീണതിനാൽ വൈദ്യുതി ജീവനക്കാരും ഫയർഫോഴ്സും ഒത്തൊരുമിച്ചാണ് തടസ്സം നീക്കിയത്. റബർ, തേക്ക്, ആഞ്ഞിലി, പ്ലാവ്, മാവ് എന്നിവ ഉൾപ്പെടെ മുന്നൂറിലേറെ വൻ മരങ്ങളാണ് കാറ്റിൽ കടപുഴകിയത്. പല മേഖലയിലും തെങ്ങ്, കമുക്, റബർ, വാഴ കൃഷികൾ തരിപ്പണമായി. കാറ്റിൽ നിരവധി വീടും തകർന്നു. ചിലത് പൂർണമായും നശിച്ചു. വീട്ടുകാർ പലരും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ ഒമ്പതേമുക്കാലോടെയാണ് ചെറുമഴെക്കാപ്പം ശക്തമായി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിമിഷങ്ങൾ മാത്രമെ കാറ്റ് വീശിയടിച്ചുള്ളൂവെങ്കിലും ഇേതാടകം പത്ത് കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശംവരുത്തി. ഇത്ര വലിയ ചുഴലി വന്നടിച്ചെങ്കിലും ആളപായത്തിൽ കലാശിക്കാഞ്ഞത് ആശ്വാസമായി. തൊടുപുഴ തഹസിൽദാറുടെ നേതൃത്വത്തിലെ റവന്യൂ സംഘം സ്ഥലത്തെത്തി നാശനഷ്ടം സംബന്ധിച്ച് വിശദ റിപ്പോർട്ട് തയാറാക്കി. ലോറേഞ്ചിനു പുറമെ ഇടുക്കി, കട്ടപ്പന മേഖലയിലും ചുഴലിക്കാടറ്റ് നാശംവിതച്ചു. കൃഷിനാശമാണ് പ്രധാനം. പലയിടത്തും വീടുകളും തകർന്നു. അധികൃതരുടെ അനാസ്ഥ; തകര്‍ന്നത് നിർധന കുടുംബത്തിെൻറ കൂര തൊടുപുഴ: അധികാരികളുടെ അനാസ്ഥ തകർത്തത് ഒരു കുടുംബത്തിെൻറ വീട്. കുന്നം കാരൂപ്പാറ ഭാഗത്തുണ്ടായ കാറ്റില്‍ ആലുംതറയില്‍ അലിയാരുടെ വീടിന് മുകളിലേക്ക് റോഡില്‍ നിന്ന മരം ഒടിഞ്ഞുവീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മൂത്തമകള്‍ ഫാത്തിമ കാറ്റിെൻറ ശബ്‌ദം കേട്ട് പുറത്തിറങ്ങിയതിനാൽ അപകടത്തിൽനിന്ന് ഒഴിവായി. അലിയാരും ഭാര്യ കദീജയും കൂലിപ്പണിക്കാരാണ്. ഫാത്തിമയെ കൂടാതെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഫൗസിയ എന്ന മകളുമുണ്ട്. ഇളയമകള്‍ സ്‌കൂളില്‍ പോയിരുന്നു. വീടിനുമുന്നില്‍ ഭീഷണിയായിനില്‍ക്കുന്ന മരം മുറിച്ചുമാറ്റണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, അധികാരികള്‍ നടപടി സ്വീകരിച്ചില്ല. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ മരം മുറിച്ചുമാറ്റാൻ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്വന്തമായി പണം മുടക്കി മരത്തിെൻറ ശിഖരം മുറിക്കാൻ അനുവാദവും ഉദ്യോഗസ്ഥര്‍ നല്‍കി. സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാൽ കഴിഞ്ഞില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. വില്ലേജ്--പഞ്ചായത്ത് അധികൃതരെ അറിയിച്ചപ്പോള്‍ അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നതായി വീട്ടുകാര്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അലംഭാവവും കെടുകാര്യസ്ഥതയും മൂലം ഒരു കുടുംബത്തിന് കിടക്കാന്‍ കൂരയില്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.