വൈക്കം: കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന നേരേകടവ്-മാക്കേകടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അവസാന ഗര്‍ഡര്‍ നേരേകടവ് ഭാഗത്ത് സ്ഥാപിച്ചു. പാലത്തിന്റെ ആകെയുള്ള 800 മീറ്ററില്‍ 685 മീറ്ററും ആകെ പ്രവൃത്തിയുടെ 87 ശതമാനവും നിര്‍മാണം പൂര്‍ത്തീകരിച്ചു. പാലത്തിന് 22 സ്പാനുകളിലായി 88 ഗര്‍ഡറാണുള്ളത്. ഇതില്‍ എട്ട് ഗര്‍ഡർ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്നു.
ബാക്കി 80 ഗര്‍ഡറുകളുടെ നിര്‍മാണവും സ്ഥാപനവുമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. 20ാം സ്പാനിന്റെ മേല്‍ത്തട്ട് കോണ്‍ക്രീറ്റിങ് ജോലി പുരോഗമിക്കുന്നതിനോടൊപ്പം നേരേകടവ് ഭാഗത്തെ 150 മീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചു. പാലത്തിന്റെ കൈവരികള്‍ നിര്‍മിക്കുന്ന ജോലി മാക്കേക്കടവിലെ യാഡിൽ പുരോഗമിക്കുന്നുണ്ട്.
സംസ്ഥാന പൊതുമരാമത്ത് 98.09 കോടി രൂപ ചെലവഴിച്ച് 11.23 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കുന്നത്. അടുത്ത മാസം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നേരേകടവ് മുതല്‍ ഉദയനാപുരം വരെ നീളുന്ന രണ്ടര കിലോമീറ്റര്‍ റോഡിന് നിലവില്‍ ശരാശരി നാലു മീറ്റര്‍ വീതി മാത്രമാണുള്ളത്.
ഇരുവശങ്ങളില്‍നിന്ന് ഭൂമി ഏറ്റെടുത്ത് 11 മീറ്റര്‍ വീതിയില്‍ നിലവിലുള്ള കലുങ്കുകള്‍ പുതുക്കി പണിത് ആധുനിക നിലവാരത്തിലുള്ള റോഡ് നിർമിക്കുന്നതിന് ഏകദേശം 85 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. വരുന്ന ബജറ്റില്‍ ഈ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് കരുതുന്നത്. വിഷയത്തില്‍ അടിയന്തര തീരുമാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധന മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങളും വിശദമായ പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ടെന്ന് സി.കെ ആശ എം.എല്‍.എ അറിയിച്ചു.
2016ല്‍ ആരംഭിച്ച പാലം നിര്‍മാണം ഒന്നര വര്‍ഷത്തിനു ശേഷം സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും കേസുകളുമൊക്കെയായി നിലക്കുകയായിരുന്നു. നിയുക്ത തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായ രണ്ടാമത്തെ പാലമാണ് നേരേകടവ്-മാക്കേകടവ് പാലം. നിര്‍മാണത്തിന്റെ ആദ്യഘട്ടമായ തുറവൂര്‍ പാലം നിര്‍മാണം 2015ല്‍ പൂര്‍ത്തിയാക്കിയിരുന്നു. നേരേകടവ് പാലം യാഥാര്‍ഥ്യമാകുന്നതോടെ വൈക്കത്തുനിന്ന് കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും.
ശബരിമല ഇടത്താവളമായ തുറവൂരില്‍നിന്ന് വൈക്കം വഴി തീർഥാടകര്‍ക്ക് പമ്പയിലേക്ക് വളരെ വേഗം എത്താനും സാധിക്കും. അവസാന ഗര്‍ഡർ സ്ഥാപിക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എല്‍.എ, മുന്‍ എം.പി എ.എം. ആരിഫ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.