കോട്ടയം: കാർഷികമേഖലക്ക് വീണ്ടും ആഘാതമേൽപിച്ച് കേന്ദ്രസർക്കാർ ഒപ്പിടാനൊരുങ്ങുന്ന റീജനൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ് കർഷകവിരുദ്ധ കരാറിൽനിന്ന് ഇന്ത്യ പിന്മാറണമെന്നും ഇതിനെതിരെ ദേശീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. ആഗസ്റ്റ് പത്തിന് കേരളത്തിൽ സംയുക്ത കർഷകസമിതി ആഭിമുഖ്യത്തിൽ തൃശൂരിൽ സംസ്ഥാന കൺെവൻഷൻ സംഘടിപ്പിച്ച് തുടർപ്രക്ഷോഭ പരിപാടിക്ക് രൂപരേഖ തയാറാക്കും. ആസിയാൻ രാജ്യങ്ങളും ഇന്ത്യയും ചൈനയുമുൾപ്പെടെ 16 രാജ്യങ്ങൾ അംഗങ്ങളായ ആർ.സി.ഇ.പിയുടെ പത്തൊമ്പതാം റൗണ്ട് സമ്മേളനം ജൂലൈ 22മുതൽ 26വരെ ഹൈദരാബാദിലാണ് ചേരുന്നത്. പുതിയ കരാറിൽ ഒപ്പിടാനുള്ള നീക്കമാണ് നടക്കുന്നത്. 16 രാജ്യങ്ങൾ ചേർന്നുള്ള ഒറ്റ വ്യാപാരവിപണി രൂപപ്പെടുമ്പോൾ അനിയന്ത്രിതവും നികുതിരഹിതവുമായ കാർഷികോൽപന്ന ഇറക്കുമതിയുണ്ടാകും. വിവിധ കാർഷികാവശ്യങ്ങൾ ഉന്നയിച്ച് മധ്യപ്രദേശിൽനിന്ന് ആരംഭിച്ച കർഷകപ്രക്ഷോഭ ജാഥ ചൊവ്വാഴ്ച ഡൽഹിയിൽ സമാപിക്കും. ഹൈദരാബാദിൽ വിവിധ കർഷകപ്രസ്ഥാനങ്ങളുടെ ജനകീയ പ്രതിഷേധസമ്മേളനം സംഘടിപ്പിക്കും. കർഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികളും സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളും സമരത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.