കോന്നി: ചെങ്ങറ സമരഭൂമിയിലെ ഇരുവിഭാഗം തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഒരു വിഭാഗത്തിനു പിന്തുണയുമായി സി.പി.എം എത്തി. ഇതോടെ ചെങ്ങറ സമരഭൂമിയിൽ സംഘർഷം രൂക്ഷമാകാൻ സാധ്യതയേറി. ശനിയാഴ്‌ച രാത്രി മുതൽ നൂറോളം പേർക്ക് ചെങ്ങറ സമരഭൂമിയിൽ കടക്കാൻ കഴിയാത്തതരത്തിൽ പ്രധാന കവാടം അടച്ചിട്ടിരിക്കുകയാണ്. മാസങ്ങളായി നിലനിന്ന തർക്കമാണ് പുതിയ രൂപത്തിലേക്ക് മാറിയത്. എന്നാൽ, ചെങ്ങറ സമരഭൂമിയിൽ ഒരു കാരണവശാലും രാഷ്്ട്രീയപ്രവർത്തനം അനുവദിക്കില്ലെന്നും പാർട്ടി പിന്തുണയുമായി നിൽക്കുന്നവരെ ഇനിയും സമരഭൂമിയിലെക്ക് കടത്തിവിടില്ലെന്നും ചെങ്ങറ െഡവലപ്മെൻറ് സൊസൈറ്റി പ്രസിഡൻറ് ടി.ആർ. ശശി പറഞ്ഞു. ഇതേസമയം സമരഭൂമിയിൽ ടി.ആർ. ശശിയുടെ നേതൃത്വത്തിൽ ഡി.ആർ.എച്ച്.എം നേതൃത്വത്തിൽ ഗുണ്ടാവിളയാട്ടം നടത്തുകയും ആക്രമണം നിത്യസംഭവവുമായതോടെയും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനാണ് സി.പി.എം നേതൃത്വത്തെ സമീപിച്ചതെന്ന് ചെങ്ങറ സമരഭൂമിയിലെ സമരസമിതി പ്രവർത്തകൻ രാജൻ ഫിലിപ്പ് പറഞ്ഞു. രാജൻ ഫിലിപ്പിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം സമരഭൂമിയിൽ കടക്കാൻ കഴിയാതെ പ്രധാന കവാടത്തിനു മുന്നിൽ രണ്ടുദിവസമായി കഴിയുകയാണ്. ഇവരുടെ കൂടെയുള്ളവർ സമരഭൂമിയിലെ വീടുകളിലുമാണ്. ഇതോടെ ഏതുസമയവും സംഘർഷം ഉണ്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. രാജൻ ഫിലിപ്പ് നേതൃത്വം നൽകുന്ന പ്രവർത്തകർക്ക് സി.പി.എം പിന്തുണ നൽകി സമരഭൂമിയുടെ കവാടത്തിനു ചുറ്റും പാർട്ടിക്കൊടികൾ നാട്ടി. 2017- ആഗസ്റ്റ് ഏഴിനാണ് ചെങ്ങറ ഭൂസമരം ആരംഭിച്ചതിെൻറ പത്താം വാർഷികം. എട്ടര വർഷംവരെ ചെങ്ങറ സമരഭൂമിയിലെ പ്രവർത്തകർ ഒറ്റക്കെട്ടായി നിന്നതിനാൽ ഭരണ--പ്രതിപക്ഷ ട്രേഡ് യൂനിയനുകൾ തീർത്ത പല വിലക്കുകളെയും അതിജീവിച്ചിരുന്നു. എന്നാൽ, സമരത്തിനു നേതൃത്വം നൽകിയ ളാഹ ഗോപാലൻ സാധുജന വിമോചന സംയുക്ത വേദിയിൽനിന്ന് പുറത്താക്കപ്പെട്ടതോടെ സമരഭൂമിയിലും വലിയതോതിൽ ചേരിതിരിവ് ഉണ്ടാകുകയും ഇത് നിരന്തരസംഘർഷത്തിനു കാരണമാകുകയും ചെയ്തു. ഏറ്റവും ഒടുവിൽ സമരഭൂമിയിലെ പ്രധാന കവാടത്തിലെ ചെക്ക്പോസ്റ്റിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ദേഹപരിശോധന നടത്തുന്നതിനെതിരെ രാജൻ ഫിലിപ്പിെൻറ നേതൃത്വത്തിൽ നിരവധി പേർ പ്രതിഷേധവുമായി രംഗത്തുവരുകയും ഇവർ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും ചർച്ചക്ക് ശനിയാഴ്ച വിളിച്ചിരുന്നു. ഇരുവിഭാഗവും അവരവരുടെ വാദഗതികളിൽ ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെട്ടു. പിന്നീട് ഒരുകൂട്ടർ സമരഭൂമിയിൽ എത്തിയപ്പോൾ അവരെ സമരഭൂമിയിലെ വീടുകളിലേക്ക് കയറ്റിവിടാതെ ഉപരോധം തീർത്തെന്നാണ് പരാതി. ഇപ്പോൾ ഇരുവിഭാഗം സമരസമിതി പ്രവർത്തകർ പ്രധാന കവാടത്തിെൻറ രണ്ടുവശത്തായി നിലയുറപ്പിച്ചിട്ടുണ്ട്. കലക്ടർ ഇടപെട്ട് പ്രശ്നത്തിനു പരിഹരിച്ച് തങ്ങളെ സമരഭൂമിയിൽ കയറ്റിവിടണമെന്നാണ് പുറത്താക്കപ്പെട്ടവർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇവരെ ഒരു കാരണവശാലും സമരഭൂമിക്കുള്ളിൽ പ്രവേശിപ്പിക്കില്ലെന്ന് നിലപാടിലാണ് ടി.ആർ. ശശി വിഭാഗം. ചർച്ചക്ക് വിളിച്ച തങ്ങളെ പത്തനംതിട്ട ഡിവൈ.എസ്.പി ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും ഇദ്ദേഹം ആരോപിക്കുന്നു. ഇരുകൂട്ടരും നിലപാട് ശക്തമാക്കിയതോടെ സംഘർഷസാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.