ഇലവീഴാപൂഞ്ചിറയിലെ കൂറ്റന്‍ കുളവും തടയണകളും പൂര്‍ത്തിയായി

കോട്ടയം: മേലുകാവിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കാൻ ജലസേചനവകുപ്പ് വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ നിർമിക്കുന്ന കൂറ്റന്‍ കുളത്തി​െൻറയും തടയണകളുടെയും പണി പൂര്‍ത്തിയായി. 250 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വിശാലമായ കുളമാണിത്. ഇതിനടുത്തായി മലഞ്ചരിവിലെ ഉറവയില്‍നിന്ന് ഒഴുകിവരുന്ന വെള്ളം രണ്ടരമീറ്റർ വരുന്ന ചെക്ക്‌ ഡാം നിർമിച്ച് സംഭരിക്കാനുള്ള പദ്ധതിയും പൂർത്തിയായി. ഇതിൽ ഏകദേശം 110 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാം. കുളവും തടയണകളും ഏറ്റവും ഉയര്‍ന്ന പ്രദേശത്തായതിനാല്‍ പമ്പിങ് സംവിധാനം കൂടാതെ പൈപ്പുവഴി ശുദ്ധജലം മേലുകാവിലും സമീപ പഞ്ചായത്തുകള്‍ക്കും എത്തിക്കാനും സാധിക്കും. വേനല്‍ക്കാലത്ത്‌ കുടിവെള്ളക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന പ്രദേശങ്ങൾക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി. കെ.എം. മാണി ധനമന്ത്രിയായിരിക്കെയാണ്‌ പദ്ധതികള്‍ക്കായി നാലുകോടി അനുവദിച്ച്‌ ഭരണാനുമതി നല്‍കിയത്‌. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മേലുകാവ്‌ പഞ്ചായത്തിലാണ്‌ ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3200 അടി ഉയരത്തിലാണ്‌ സ്ഥലം. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മൊട്ടക്കുന്ന്‌ പ്രദേശമായ ഇവിടെ മലഞ്ചരിവുകള്‍ക്കിടയിൽ വിശാലമായ ചിറ ഉണ്ടായിരുന്നു.‌ മണ്ണൊലിപ്പിൽ അത് നശിക്കുകയായിരുന്നു. മലയിടുക്കുകളില്‍ വേനല്‍ക്കാലത്തും വറ്റാത്ത ഉറവ കണ്ടെത്തിയതി​െൻറ അടിസ്ഥാനത്തിലാണ്‌ ജലവിഭവവകുപ്പ്‌ ചിറ നവീകരിച്ച് വലിയ കുളമാക്കിമാറ്റിയത്. പദ്ധതിപ്രദേശം സന്ദര്‍ശിച്ച്‌ ജോസ്‌ കെ. മാണി എം.പിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തൊട്ടടുത്ത മുട്ടക്കല്ല്‌ ഭാഗത്ത്‌ മിനി ഡാം നിർമിച്ചാല്‍ ജില്ലയുടെ പകുതിഭാഗത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സാധിക്കുമെന്ന നിഗമനത്തില്‍ സാധ്യതപഠനം നടത്താന്‍ എം.പി നിര്‍ദേശിച്ചു. നട്ടുച്ചക്ക്‌ കോടമഞ്ഞ്‌ കാണപ്പെടുന്ന ജില്ലയിലെ ഏകപ്രദേശമാണ്‌ ഇലവീഴാപൂഞ്ചിറ. മലമുകളിലെ ഭൂപ്രകൃതിയും മലങ്കര ഡാമി​െൻറ ജലാശയവും കൗതുകക്കാഴ്‌ചയാണ്‌. ആയിരകണക്കിനാളുകളാണ്‌ ദിനംപ്രതി ഇവിടെ എത്തുന്നത്‌. പഞ്ചായത്ത്‌ പ്രസിഡൻറ് ദീപമോള്‍ ജോസഫ്‌, ബ്ലോക്ക്‌ അംഗം മറിയാമ്മ ഫെര്‍ണാണ്ടസ്‌, വാര്‍ഡ്‌ അംഗം പി.എം. സുരേഷ്‌ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.