വിശ്വാസ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ല -കാതോലിക്ക ബാവ കോലഞ്ചേരി: അന്തോഖ്യാ സിംഹാസനത്തിന് കീഴിൽ യാക്കോബായ സുറിയാനി സഭ മുന്നോട്ടുപോകുമെന്ന് ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞു. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുമ്പോൾതന്നെ വിശ്വാസപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച സാധ്യമല്ല. സഭയിലെ മൂന്ന് പള്ളികൾ സംബന്ധിച്ച് വന്ന സുപ്രീംകോടതി വിധി പഠിച്ച് അനന്തര നടപടികൾ കൈക്കൊള്ളുമെന്നും കാതോലിക്ക ബാവ പറഞ്ഞു. അതിനിടെ, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കോതമംഗലം ചെറിയപള്ളിയിൽ യാക്കോബായ സഭയുടെ വർക്കിങ്, മാനേജിങ് കമ്മിറ്റികൾ ചേർന്നു. ഇടവക പള്ളികളുടെ സ്ഥാപന ഉദ്ദേശ്യത്തിൽനിന്ന് വ്യതിചലിക്കുന്ന ഒരു സാഹചര്യവും അംഗീകരിക്കാൻ സഭക്ക് കഴിയില്ലെന്ന് യോഗം പ്രഖ്യാപിച്ചു. സഭയുടെ നിലപാട് വ്യക്തമാക്കാൻ ബുധനാഴ്ച പ്രതിനിധിസംഘം മുഖ്യമന്ത്രിയെ കാണും. ബുധനാഴ്ച രാവിലെ കോലഞ്ചേരിയിൽ പ്രാർഥന യോഗം നടത്താനും വ്യാഴാഴ്ച വൈകീട്ട് പുത്തൻകുരിശിൽ വർക്കിങ് കമ്മിറ്റി ചേരാനും തീരുമാനിച്ചു. വെള്ളിയാഴ്ച കോതമംഗലത്ത് പ്രാർഥനയോഗം തുടരും. യോഗത്തിൽ സഭയിലെ മെത്രാപ്പോലീത്തമാരും ഭാരവാഹികളായ തമ്പുജോർജ്, ജോർജ് മാത്യു എന്നിവരും പങ്കെടുത്തു. സമാധാന സംഭാഷണത്തിന് സർക്കാർ മാധ്യസ്ഥ്യം വഹിക്കണം -യാക്കോബായ അൽമായ ഫോറം കോലഞ്ചേരി: സുപ്രീംകോടതി വിധിയെ തുടർന്ന് മലങ്കരയിലെ യാക്കോബായ വിശ്വാസികൾക്കുണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കാൻ പാത്രിയാർക്കീസ് ബാവയും ഓർത്തഡോക്സ് കാതോലിക്ക ബാവയും തമ്മിൽ സമാധാന സംഭാഷണം നടത്തണമെന്ന് യാക്കോബായ അൽമായ ഫോറം ആവശ്യപ്പെട്ടു. ഇതിനായി സർക്കാർ മാധ്യസ്ഥ്യം വഹിക്കണം. പാത്രിയാർക്കീസ് ബാവയുടെ പ്രഥമ മലങ്കര ശ്ലൈഹിക സന്ദർശന വേളയിൽ ഓർത്തഡോക്സ് സഭയുമായുള്ള തർക്കം പരിഹരിക്കുന്നതിന് കരിങ്ങാച്ചിറ സെൻറ് ജോർജ് പള്ളിയിൽ നടന്ന സുന്നഹദോസിൽ സമിതിക്ക് രൂപം നൽകിയിരുന്നു. എന്നാൽ, രണ്ട് വർഷമായിട്ടും സമിതി നിർജീവമാണ്. പ്രശ്നം രമ്യതയിലൂടെ പരിഹരിക്കാൻ ഇരു സഭകളിെലയും ചെറു ന്യൂനപക്ഷമാണ് എതിരുനിൽക്കുന്നത്. ഇവരെ മാറ്റിനിർത്തി ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ഹിതമനുസരിച്ച് തീരുമാനമെടുക്കാൻ സർക്കാർ തയാറാകണം. ഇപ്പോഴത്തെ കോടതിവിധി യാക്കോബായ സഭ നേതൃത്വം ചോദിച്ചുവാങ്ങിയതാണ്. കണക്കോ ബജറ്റോ ഇല്ലാതെ കേസ് നടത്തിപ്പിന് കോടികൾ പിരിച്ചവർ വേണ്ട രീതിയിൽ നിയമനടപടികൾ നടത്തിയില്ല എന്നാണ് വിധി തെളിയിക്കുന്നത്. ഇതിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് േശ്രഷ്ഠ കാതോലിക്ക ബാവ, സഭ ട്രസ്റ്റി തമ്പുജോർജ്, സെക്രട്ടറി ജോർജ് മാത്യു എന്നിവർ സ്ഥാനമൊഴിയണം. മുൻ സർക്കാറിെൻറ കാലത്ത് കോലഞ്ചേരിയിലെ അനുരഞ്ജന നീക്കം സ്വാർഥ ലാഭത്തിനായി അട്ടിമറിച്ചവർ കോടതി വിധിയുടെ സാഹചര്യത്തിൽ മാപ്പ് പറയണമെന്നും അൽമായ ഫോറം അടിയന്തര നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പോൾ വർഗീസ് അധ്യക്ഷത വഹിച്ച യോഗം അഡ്വ. സാബുതൊഴുപ്പാടൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ മാത്തച്ചൻ തുകലൻ, ഐസക് ഉലഹന്നാൻ, എബി ചെറിയാൻ, എൽദോ മാമലശേരി, കെ.പി. സ്ലീബാച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.