പന്തളം: തുമ്പമൺ പഞ്ചായത്തിലെ ഏറ്റവും വലിയ പട്ടികജാതി കോളനിയായ മുട്ടം കോളനിയിലേക്കുള്ള റോഡുകൾ തുമ്പമൺ പഞ്ചായത്ത് അധികൃതർ അവഗണിക്കുന്നതായി പരാതി. മുട്ടം കിഴക്കേ കോളനിയിലൂടെയുള്ള പ്രധാനവഴിയാണ് വെള്ളക്കെട്ടും കുഴിയും മൂലം തകർന്ന് യാത്ര ദുഷ്കരമായി കിടക്കുന്നത്. വർഷങ്ങളായി ഈ റോഡ് പഞ്ചായത്ത് ഭരണസമിതി അവഗണിക്കുകയാണ്. പഞ്ചായത്തിലെ പല അപ്രധാന റോഡുകളും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടും കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ഈ റോഡ് അവഗണിക്കുന്നത് പട്ടികജാതിക്കാരോടുള്ള അവഹേളനമാണെന്നാണ് നാട്ടുകാരും കോളനി നിവാസികളും ആരോപിക്കുന്നത്. ഇവിടെ 50 മീറ്റർ നീളത്തിലുള്ള വെള്ളക്കെട്ടുമൂലം വാഹനങ്ങൾക്കും കാൽനടക്കാർക്കും പോകാൻകഴിയുന്നില്ല. കാലവർഷം കനത്തതോടെ വെള്ളം റോഡിൽ കെട്ടിനിന്ന് വീടുകളുടെ മുറ്റത്തേക്ക് കയറി ജനജീവിതം ദുസ്സഹമായി. നൂറിലധികം കുടുംബങ്ങളാണ് ഈ റോഡ് ഉപയോഗിക്കുന്നത്. റോഡ് വെള്ളക്കെട്ടായതോടെ കോളനി നിവാസികൾക്ക് മറ്റ് റോഡുകളെ ആശ്രയിച്ച് ഏറെ ദൂരം സഞ്ചിരിച്ച് വേണം വായനശാല ജങ്ഷനിലെത്താൻ. മാത്രമല്ല മാസങ്ങളായി ഇവിടെ വെള്ളക്കെട്ട് തുടരുന്നതിനാൽ കൊതുക് പെരുകി പകർച്ചപ്പനിയും പിടിപെടുന്നുണ്ട്. ഓടയില്ലാത്തതിനാൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴുക്കിക്കളയുന്നതിന് സൗകര്യമില്ല. ഈ റോഡ് അറ്റകുറ്റപ്പണി നടത്തി പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുവർഷമായി പഞ്ചായത്ത് ഭരണസമിതിയിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്ന് ഈ വാർഡിനെ പ്രതിനിധാനം ചെയ്യുന്ന എൽ.ഡി.എഫ് പഞ്ചായത്ത് അംഗം റോസി മാത്യു ആരോപിച്ചു. വെള്ളം കെട്ടിനിന്ന് സാംക്രമിക രോഗങ്ങൾ പരന്നാൽ അത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയായി ചിത്രീകരിക്കപ്പെടുമെന്നും ഇതിനുള്ള അവസരം ഉണ്ടാക്കാതെ അടിയന്തര നടപടി സ്വീകിരിക്കണമെന്ന് വാർഡ് അംഗം ആവശ്യപ്പെട്ടു. പരിഹാരം ഉണ്ടായില്ലങ്കിൽ കോളനി നിവാസികൾക്കൊപ്പം പഞ്ചായത്ത് പടിക്കൽ സമരം നടത്തുന്ന കാര്യവും പരിഗണനയിലാണെന്ന് അംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.