മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രസവ വാർഡിനു സമീപത്തെ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു. വൃത്തിഹീനമായ അവസ്ഥ ചൂണ്ടിക്കാണിച്ച് രോഗികളടക്കം പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ നടപടി എടുത്തിട്ടില്ല. ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധിയാളുകളാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രസവത്തിന് എത്തുന്നത്. കർശന സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ട ഇടം വൃത്തിഹീനമായ അന്തരീക്ഷത്തിൽ കിടക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണ പ്ലാൻറ് അടക്കം വിഭാവന ചെയ്തിരുന്നെങ്കിലും അവ പേപ്പർ പദ്ധതികളായി മാറി. എട്ടു ലക്ഷം രൂപ ഇതിനായി നഗരസഭ വകയിരുത്തിയെങ്കിലും നടപടി ആയില്ല. നിലവിൽ ബയോഗ്യാസ് പ്ലാൻറ് ഉണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. പ്ലാസ്റ്റിക് വിമുക്ത മേഖല എന്ന ബോർഡ് വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് കുമിയുകയാണ്. മതിയായ ശുചീകരണ തൊഴിലാളികൾ ഇല്ലാത്തതും പ്രദേശത്തെ മാലിന്യപ്രശ്നത്തിന് കാരണമാണ്. പ്ലാസ്റ്റിക് കൂടുകളിൽ കെട്ടിയ നിലയിലുള്ള മാലിന്യത്തിൽനിന്ന് ഉയരുന്ന ദുർഗന്ധം മൂലം മൂക്ക് പൊത്താതെ ആശുപത്രിക്ക് മുന്നിലൂടെ കടന്നുപോകാനാകാത്ത അവസ്ഥയാണ്. പ്രധാന കവാടത്തിനു സമീപെത്ത മാലിന്യത്തിൽനിന്ന് ഉയരുന്ന ദുർഗന്ധം രോഗികൾ അടക്കമുള്ളവർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.