ജില്ലയില്‍ എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

കോട്ടയം: ജില്ലയില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരംനല്‍കി ഇടതുമുന്നണി സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതായി എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 71 പഞ്ചായത്തുകളിലും 11 ബ്ളോക് പഞ്ചായത്തിലും ആറ് മുനിസിപ്പാലിറ്റികളിലും ജില്ലാ പഞ്ചായത്തിലുമാണ് സീറ്റുവിഭജനം പൂര്‍ത്തിയായത്. ജില്ലാ പഞ്ചായത്തില്‍ സി.പി.എം 13 സീറ്റിലും സി.പി.ഐ അഞ്ചു സീറ്റിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് (സെക്കുലര്‍) രണ്ടുസീറ്റിലും എന്‍.സി.പി, ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിക്കും. സി.എം.പി, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ്), കേരള കോണ്‍ഗ്രസ് (ബി) എന്നിവര്‍ക്ക് നഗരസഭയിലും പഞ്ചായത്തിലും സീറ്റുകള്‍ നല്‍കും. കേരള കോണ്‍ഗ്രസ് (ബി) കാഞ്ഞിരപ്പള്ളി, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ ഓരോ സീറ്റ് നല്‍കും. കോട്ടയം നഗരസഭയിലെയും സീറ്റുവിഭജനം പൂര്‍ത്തിയായിട്ടുണ്ട്. 52 സീറ്റില്‍ സി.പി.എം-37, സി.പി.ഐ-10, ജനതാദള്‍-രണ്ട്, കേരള കോണ്‍ഗ്രസ്-(സ്കറിയ തോമസ്), എന്‍.സി.പി, കോണ്‍ഗ്രസ്-എസ് എന്നിവര്‍ക്ക് ഓരോ സീറ്റുവീതവുമാണ് നല്‍കിയത്. ജില്ലയില്‍ കേരള കോണ്‍ഗ്രസിന്‍െറ സ്വാധീനം കണക്കിലെടുത്ത് രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷന് സീറ്റിന് പുറമേ ഈരാറ്റുപേട്ട നഗരസഭയിലെ ചില വാര്‍ഡുകളും വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ അഞ്ച് ഡിവിഷനുകളില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. ധാരണയനുസരിച്ച് സി.പി.എമ്മിന് വിട്ടുനല്‍കിയ കടുത്തുരുത്തി, ഉഴവൂര്‍, കുറവിലങ്ങാട് സീറ്റുകളിലെയും ജനതാദളിന് നല്‍കിയ പുതുപ്പള്ളിയിലെയും സി.പി.ഐക്ക് നല്‍കിയ വാകത്താനത്തെയും സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് വൈകുന്നത്. ജനറല്‍ വാര്‍ഡായ കുറവിലങ്ങാട് സി.പി.എം പൊതുസമ്മതനെയാണ് പരിഗണിക്കുന്നത്. വനിതാസംവരണമായ കടുത്തുരുത്തിയിലും പട്ടികജാതി സംവരണമായ ഉഴവൂരിലും ജയസാധ്യതയുള്ള വനിതകളെയാണ് തേടുന്നത്. കഴിഞ്ഞവര്‍ഷം എന്‍.സി.പി മത്സരിച്ച ഉഴവൂര്‍ സി.പി.എം ഏറ്റെടുത്തപ്പോള്‍ ഭരണങ്ങാനം എന്‍.സി.പിക്ക് വിട്ടുനല്‍കുകയായിരുന്നു. സി.പി.ഐക്ക് വിട്ടുനല്‍കിയ വാകത്താനം ഡിവിഷനിലും (ജനറല്‍) ജനതാദളിന് വിട്ടുനല്‍കിയ പുതുപ്പള്ളി (വനിത) സീറ്റുകളില്‍ സ്ഥാനാര്‍ഥിയായിട്ടില്ല. തര്‍ക്കംമൂലം സ്ഥാനാര്‍ഥിയുടെ പേര് പുറത്തുവിടാന്‍ സി.പി.ഐ നേതൃത്വം തയാറായിട്ടില്ല. സി.പി.എം പട്ടികയില്‍ യുവപ്രാതിനിധ്യവുമായി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. രാജേഷ്, എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി മഹേഷ്ചന്ദ്രന്‍, തൃക്കൊടിത്താനം മുന്‍പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. സുനില്‍കുമാര്‍, കുറിച്ചി പഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലന്‍, മുന്‍ പഞ്ചായത്ത് അംഗം ഫ്ളോറി മാത്യു എന്നിവര്‍ ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്ക് മത്സരിക്കുന്നുണ്ട്. പട്ടികജാതി സംവരണ ഡിവിഷനായ കുമരകത്ത് അധ്യാപകനായ കെ.എം. ജയേഷ് മോഹനാണ് സി.പി.എമ്മിന്‍െറ പുതുമുഖം. മുന്‍പഞ്ചായത്ത് അംഗം ബിജു കൈപ്പാറേടന്‍െറ ഭാര്യയും മഹിളാസംഘം നേതാവുമായ സിസിലി കൈപ്പാറേടനെ കിടങ്ങൂരിലും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ശാലിനി ജയ്മോനെ എരുമേലിയിലും പുതുമുഖമായി അവതരിപ്പിച്ചാണ് സി.പി.ഐ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയത്. മുന്‍ ബ്ളോക് പഞ്ചായത്ത് അംഗവും ബി.കെ.എം.യു സംസ്ഥാന സെക്രട്ടറിയുമായ പി. സുഗതനെ വൈക്കത്തും വാഴൂര്‍ നിയമസഭാസീറ്റില്‍ മത്സരിച്ച മുതിര്‍ന്ന പാര്‍ട്ടി നേതാവ് എ.എന്‍. തുളസീദാസിനെ കങ്ങഴയിലും മത്സരിപ്പിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് സെക്കുലറിന് ലഭിച്ച പൂഞ്ഞാറില്‍ ലിസി സെബാസ്റ്റ്യനും കാഞ്ഞിരപ്പള്ളിയില്‍ ആന്‍റണി മാര്‍ട്ടിന്‍ ജോസഫും ജനവിധിതേടും. എന്‍.സി.പിക്ക് കിട്ടിയ ഭരണങ്ങാനം സീറ്റില്‍ ബിനി സുമിത് ആണ് അങ്കംകുറിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.