അതിരമ്പുഴ ഫെസ്റ്റ് നവംബര്‍ 20 മുതല്‍

കോട്ടയം: അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിലെ അതിരമ്പുഴ ഫെസ്റ്റ് നവംബര്‍ 20 മുതല്‍ 29 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിരമ്പുഴ പള്ളി മൈതാനത്ത് ഒരുലക്ഷം ചതുരശ്രയടിയുള്ള പന്തലില്‍ നൂറിലേറെ സ്റ്റാളുകളില്‍ വാണിജ്യം, കാര്‍ഷികം, വിദ്യാഭ്യാസം, ശാസ്ത്രം, ആരോഗ്യം, ഭക്ഷണം, കല, വിനോദം തുടങ്ങിയ വിഭാഗങ്ങളുണ്ട്. ഇതിനൊപ്പം വാഹനസ്റ്റാളും ഉണ്ടാകും. ദിവസവും വൈകീട്ട് കലാപരിപാടികളും അരങ്ങേറും. കഴിഞ്ഞവര്‍ഷത്തെ അതിരമ്പുഴ ഫെസ്റ്റിന്‍െറ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഫലമായി വേമ്പനാട്ട് കായലിനെ അതിരമ്പുഴ ചന്തക്കടവുമായി ബന്ധിപ്പിക്കുന്ന പെണ്ണാര്‍ തോടിന്‍െറ പുനര്‍ജനി സാധ്യമായി. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡിസ്കവര്‍ കോട്ടയത്തിന്‍െറ ഭാഗമായി കനാല്‍ ടൂറിസം പദ്ധതിയില്‍ പെണ്ണാര്‍ തോടിനെ ഉള്‍പ്പെടുത്തി അതിരമ്പുഴ ബോട്ടുജെട്ടിക്ക് സമീപം വഴിയോര വിശ്രമകേന്ദ്രം നിര്‍മിക്കാന്‍ ടൂറിസം വകുപ്പ് 50ലക്ഷം രൂപ അനുവദിച്ചു. കുമരകത്തുനിന്ന് പെണ്ണാര്‍തോട്ടിലൂടെ ശിക്കാര്‍ വള്ളങ്ങളില്‍ ടൂറിസ്റ്റുകളെ അതിരമ്പുഴയില്‍ എത്തിച്ച് ഇവിടെനിന്ന് വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ അതിരമ്പുഴ ടൂറിസ്റ്റ് ഹബ്ബ് ആക്കുകയാണ് ഈവര്‍ഷത്തെ ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അതിരമ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. റോജന്‍ നെല്‍പ്പുരക്കല്‍, ജോയന്‍റ് കണ്‍വീനര്‍ ബൈജു മാതിരമ്പുഴ, റെജി പ്രോത്താസീസ് കൂനാനിക്കല്‍, മീഡിയ കണ്‍വീനര്‍ രാജു കുടിലില്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.