ആ മാമന്‍ ഉപ്പായെ അടിച്ചതാ.... നിര്‍ണായകമായത് അലീഷയുടെ മൊഴി

കൊല്ലം: ആ മാമന്‍ ഉപ്പായെ അടിച്ചതാ....ഉപ്പ സ്കൂട്ടര്‍ മുന്നോട്ട് വെച്ചപ്പോള്‍ അടി എനിക്ക് കൊണ്ടു. മോട്ടോര്‍ വാഹന വകുപ്പിന്‍െറ വാഹനപരിശോധനക്കിടെ മര്‍ദനമേറ്റ അലീഷ ജില്ലാ ആശുപത്രിയില്‍ കിളികൊല്ലൂര്‍ പൊലീസിന് മൊഴി നല്‍കിയതോടെയാണ് ചൂരല്‍വടികൊണ്ട് മര്‍ദിച്ച മോട്ടോര്‍ വെഹിക്ക്ള്‍ ഡ്രൈവര്‍ സുരേഷ് കുമാറിനെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായത്. ഇടവട്ടം കുഴിയം ഷാ മന്‍സിലില്‍ ഷെമീറിന്‍െറ മകള്‍ അലീഷക്കാണ്(10) വാഹനപരിശോധനക്കിടെ മര്‍ദനമേറ്റത്. സംഭവം വാട്സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയും അറിയിച്ച് ആളെ സംഭവസ്ഥലത്തേക്ക് കൂട്ടാനും ചിലര്‍ ശ്രമിച്ചു. റോഡിലൂടെ വാഹനങ്ങളില്‍ പോയവരും വിവരമറിഞ്ഞ് എത്തിയവരും തടിച്ചുകൂടിയപ്പോള്‍ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. ദേശീയപാത ഉപരോധിക്കുകയും ശയനപ്രദക്ഷിണം നടത്തുകയും ചെയ്ത നാട്ടുകാരില്‍ ചിലര്‍ പൊലീസിന് നേരെ കൈയേറ്റ ശ്രമവും നടത്തി. മോട്ടോര്‍ വെഹിക്കിളും പൊലീസും സ്ഥിരമായി പരിശോധന നടത്തുന്ന ഭാഗമാണ് പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ വളവ്. കൊല്ലം ആര്‍.ടി.ഒ ഓഫിസിലെ മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവര്‍ വി.കെ. സുരേഷ്കുമാറിനെ കസ്റ്റഡിയിലെടുത്ത കിളികൊല്ലൂര്‍ പൊലീസ് രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അലീഷയെ മര്‍ദിക്കുന്നതിന് തൊട്ടുമുമ്പ് എഴുകോണ്‍ കാരുവേലില്‍ സ്വദേശിയായ ബാബുക്കുട്ടനെയും മകളെയും തടഞ്ഞുനിര്‍ത്തിയിരുന്നു. ബാബുക്കുട്ടന് ലൈസന്‍സ് ഇല്ലാത്തതിനാല്‍ 2500 രൂപ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. കൈവശം അത്രയും തുക ഇല്ലാത്തതിനാല്‍ മകളുടെ കമ്മല്‍ ചന്ദനത്തോപ്പിലെ സ്വകാര്യസ്ഥാപനത്തില്‍ പണയം വെച്ച് പിഴത്തുകയുമായി എത്തിയപ്പോഴാണ് അലീഷയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തടിച്ചുകൂടിയത്. ബാബുക്കുട്ടന് ലഭിച്ച നോട്ടീസില്‍ പിഴത്തുക എഴുതിയിരുന്നില്ളെന്നും ആരോപണമുയര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.