മാങ്കോട് ഒരിപ്പുറം ഉന്നതിയിലേക്ക് വസ്തു വാങ്ങി റോഡ് കോൺക്രീറ്റ് ചെയ്ത് നൽകിയ പരാജയപ്പെട്ട സ്ഥാനാർഥി മാങ്കോട് ഷാജഹാൻ നാട്ടുകാർക്കൊപ്പം

സ്ഥലം വാങ്ങി റോഡുണ്ടാക്കി കോൺക്രീറ്റ് ചെയ്ത് നൽകി...; വോട്ട് തേടിയെത്തിയപ്പോൾ നൽകിയ വാഗ്ദാനം പാലിച്ച് പരാജയപ്പെട്ട സ്ഥാനാർഥി

പത്തനാപുരം: തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് നേടാൻ എല്ലാ സ്ഥാനാർഥികളും പല വാഗ്ദാനങ്ങൾ നൽകാറുണ്ട്. അത്‌ നടപ്പാക്കാവാൻ ഏറെ വൈകാറുമുണ്ട്. പലപ്പോഴും നടപ്പാകാറുമില്ല. എന്നാൽ ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങൾ. പരാജയപ്പെട്ടിട്ടും വോട്ടർമാരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ് പത്തനാപുരം പഞ്ചായത്തിലെ മാങ്കോട് വാർഡിൽനിന്നും ജനവിധി തേടിയ യു.ഡി.എഫ് സാരഥി മാങ്കോട് ഷാജഹാൻ.

വോട്ട് തേടിയുള്ള പ്രചാരണത്തിനിടെയാണ് മാങ്കോട് ഒരിപ്പുറം ഉന്നതിയിൽ അഞ്ച് കുടുംബങ്ങൾക്ക് വീടുകളിലെത്താൻ വഴിയില്ലെന്ന് ഷാജഹാൻ മനസിലാക്കിയത്. ആ കുടുംബങ്ങളിൽ എത്തി തനിക്ക് വോട്ട് അഭ്യർഥിച്ച ഷാജഹാൻ, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ റോഡ് ശരിയാക്കി തരാം എന്ന് അവർക്ക് ഉറപ്പ് നൽകി.

ഫലമറിയുന്നതിന് മുൻപ് തന്നെ, സ്ഥലം വാങ്ങിയിട്ട ഷാജഹാൻ ഏകദേശം 50 മീറ്റർ ദൈർഘ്യത്തിൽ റോഡ് വെട്ടി കോൺക്രീറ്റ് ചെയ്ത് നൽകി. വീടുകളിലേക്ക് പോകാൻ റോഡ് ഇല്ലാതെ ഒറ്റപ്പെട്ടു കിടന്ന അഞ്ച് കുടുംബങ്ങൾക്കും ഇത് വിശ്വസിക്കാൻ കഴിഞ്ഞതുമില്ല.

അവർ തനിക്ക് വോട്ട് ചെയ്തോ എന്നൊന്നും ഷാജഹാൻ നോക്കിയില്ല. പക്ഷെ, ഷാജഹാൻ പറഞ്ഞ വാക്ക് പാലിച്ചു. ഫലം വന്നപ്പോൾ ഷാജഹാൻ പരാജയപ്പെട്ടു. ‘ഞാൻ നൽകിയ വാക്കല്ലേ, അവർ സ്വതന്ത്രമായി സഞ്ചരിക്കട്ടെ’യെന്ന് ഷാജഹാൻ പറയുമ്പോൾ കാപട്യ മില്ലാത്ത ഇതു പോലെയുള്ള സ്ഥാനാർഥികളും മത്സരിച്ചിരുന്നുവെന്നത് സമൂഹത്തിന് പ്രതീക്ഷ നൽകുന്നതാണ്.

Tags:    
News Summary - defeated candidate kept his promise at pathanapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.