കൊല്ലം കോർപ്പറേഷനിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥികൾ ഡി.സി.സിയിൽ നൽകിയ സ്വീകരണ യോഗത്തിൽ നേതാക്കൾക്കൊപ്പം
കൊല്ലം: ഏത് പ്രതിസന്ധിയിലും ചെഞ്ചുവപ്പണിഞ്ഞ് നിൽക്കുന്ന കൊല്ലത്തിന്റെ മണ്ണ് കാൽചുവട്ടിൽനിന്ന് ഒലിച്ചുപോയതിന്റെ ഞെട്ടലിൽ എൽ.ഡി.എഫ് നിൽക്കുമ്പോൾ, സമീപകാലത്ത് സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന നേട്ടം കൈവന്നതിന്റെ അത്യാഹ്ലാദത്തിലാണ് യു.ഡി.എഫ്. എൽ.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായിരുന്ന കൊല്ലം കോർപറേഷൻ കൈവിടുകയെന്നാൽ, ആത്മാവ് തന്നെ പിടിവിട്ടുപോകുന്ന ആഘാതമാണ് ഇടതുപക്ഷത്തിന് സമ്മാനിച്ചത്. കോർപറേഷൻ കൈവിട്ടുപോകാതെ, കൊല്ലത്തെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളും പോയാലും ഇത്രയും വലിയ നിരാശ ഉണ്ടാകില്ലായിരുന്നു എന്ന് പറഞ്ഞാൽ അധികമാകില്ല. അത്രക്ക് വലിയ അഭിമാനക്ഷതമാണ് കോർപറേഷൻ തോൽവി. 2020ൽ സി.പി.എം ഒറ്റക്ക് കേവലഭൂരിപക്ഷം നേടിയ ഉയരത്തിൽ നിന്നുള്ള വീഴ്ച, അതികഠിനമാകാതെ പോകുന്നതെങ്ങനെ. 29ൽ നിന്ന് 13 ആയി സി.പി.എം ചുരുങ്ങിയപ്പോൾ 10ൽ നിന്ന് മൂന്നിലേക്കാണ് സി.പി.ഐ പതിച്ചത്.
കഴിഞ്ഞ കൗൺസിൽ കാലത്ത് കൗൺസിൽ യോഗങ്ങളിൽ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾക്കുള്ള മറുപടിയായി മേയർ പ്രസന്ന ഏണസ്റ്റ് ഉൾപ്പെടെ തങ്ങളുടെ അംഗബലം എടുത്തുപറയുന്നതിൽ ‘അഭിമാനം’ കൊണ്ടിരുന്നു. ആ ‘ഗമ’യിൽ നിന്ന് ബി.ജെ.പിയിൽ നിന്ന് ഒരു സീറ്റ് മാത്രം കൂടുതൽ നേടുന്ന സ്ഥിതിയിലേക്ക് എങ്ങനെ എത്തി എന്നത് സി.പി.എമ്മും ആർ.എസ്.പിയുടെ അംഗബലത്തിലേക്ക് എങ്ങനെ വീണെന്ന് സി.പി.ഐയും കുറച്ചുകൂടുതൽ ഗൗരവമായി തന്നെ കാണേണ്ട കണക്കാണ്.
മറുവശത്ത് മുമ്പെങ്ങുമില്ലാത്ത വിധം ഒറ്റക്കെട്ടായുള്ള യു.ഡി.എഫ് പ്രവർത്തനം അവർക്ക് കോർപറേഷനിൽ കണക്കുകൂട്ടിയതിനെക്കാൾ നേട്ടം സമ്മാനിച്ചു. വെറും ആറ് സീറ്റിൽ നിന്ന് കോൺഗ്രസ് 22 സീറ്റിലേക്കാണ് ഉയർന്നുകയറിയത്.
ചിത്രത്തിലില്ലാതിരുന്ന മുസ്ലിം ലീഗ് രണ്ട് സീറ്റുകളുമായി വൻ തിരിച്ചുവരവ് നടത്തിയപ്പോൾ ആർ.എസ്.പി മൂന്ന് സീറ്റിൽ മാത്രം ഒതുങ്ങിയത് മാത്രമാണ് അവർക്ക് അൽപമൊരു ക്ഷീണം നൽകിയത്. മികച്ച പ്രവർത്തനം നടത്തിയതിന്റെ ഫലം ഉണ്ടാകുമെന്ന് ജില്ലയിലെ യു.ഡി.എഫ് നേതാക്കൾ ഉറപ്പിച്ചുപറഞ്ഞപ്പോഴും കടുത്ത മത്സരത്തിന്റെ കാറ്റുവീശിയപ്പോഴും കൊല്ലത്തിന്റെ ചരിത്രം അറിയാവുന്നവർ ഇത്തരം ഒരു വൻ അട്ടിമറി പ്രതീക്ഷിച്ചതേയില്ല. 25 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ഒടുവിൽ നഗരത്തിന്റെ മുന്നേറ്റത്തിന് മാറ്റം അനിവാര്യം എന്ന് ജനം തീരുമാനിച്ചതിന്റെ കൂടെ ഫലമാണ് ഈ വിജയം.
കോർപറേഷനൊപ്പം ചേർത്തുവായിക്കേണ്ടതാണ് ജില്ല പഞ്ചായത്തിൽ യു.ഡി.എഫ് നേടിയ കുതിപ്പ്. വെറും രണ്ട് സീറ്റിൽ നിന്ന് ഒമ്പത് സീറ്റിലേക്കാണ് കോൺഗ്രസ് ഗ്രാഫ് ഉയർത്തിയത്. ആർ.എസ്.പി ഉണ്ടായിരുന്ന ചവറ സീറ്റ് നിലനിർത്തുകയും ചെയ്തപ്പോൾ, 23 സീറ്റ് എന്ന ഗരിമയിൽ നിന്ന് 17 സീറ്റിലേക്ക് എൽ.ഡി.എഫ് താഴ്ന്നത് കൊല്ലത്തെ ചെങ്കോട്ടയെ സംബന്ധിച്ച് വലിയ വീഴ്ചതന്നെയാണ്. പഞ്ചായത്തുകളിലേക്ക് തിരിഞ്ഞാൽ എൽ.ഡി.എഫ് 80 ശതമാനം വിജയം പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 48 ശതമാനം മാത്രമാണ് 33 പഞ്ചായത്തുകളിലൂടെ സാധ്യമായത്. 40 പഞ്ചായത്തുകൾ പിടിക്കാൻ കണക്കുകൂട്ടിയ യു.ഡി.എഫ് 32 പഞ്ചായത്തുകൾ ആണ് പിടിച്ചത്. കരുനാഗപ്പള്ളി നഗരസഭ യു.ഡി.എഫിന് മുന്നിൽ കൈവിട്ടതിന്റെ സങ്കടം എൽ.ഡി.എഫ് മറക്കുന്നത് പരവൂരിൽ ഭരണം പിടിക്കാൻ കഴിഞ്ഞതിലാണ്. ഈ പ്രയാസങ്ങൾക്കിടയിലും കൊട്ടാരക്കരയും പുനലൂരും ഒപ്പം നിന്നതിന്റെ ആശ്വാസവുമുണ്ട്. ബ്ലോക്കുകൾ കൈയിലിരുന്ന പത്തനാപുരവും ഓച്ചിറയും പോയതും വൻ അടിയാണ് എൽ.ഡി.എഫിന് നൽകിയത്.
ബി.ജെ.പി പതിയെ വളരുന്നതിന്റെ എല്ലാ ലക്ഷണവും കൊല്ലം കോർപറേഷൻ ഫലത്തിൽ തന്നെ വ്യക്തമായി. ആറിൽ നിന്ന് 12ലേക്കുള്ള വളർച്ച വലിയ വെല്ലുവിളിയാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും ബാക്കിയാക്കുന്നത്. ബി.ജെ.പി കഴിഞ്ഞ തവണ ഫലം വന്നപ്പോൾ രണ്ട് പഞ്ചായത്തുകളിൽ മുൻതൂക്കം നേടിയത് പോലെ തന്നെയാണ് ഇത്തവണയും പഞ്ചായത്ത് കളത്തിൽ ഫിനിഷ് ചെയ്തത്. ബ്ലോക്കുകളിൽ ആറ് ഡിവിഷനുകൾ പിടിക്കാൻ കഴിഞ്ഞതും അവർക്ക് ഊർജം പകരുന്ന നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.