കൊട്ടിയം: പതിറ്റാണ്ടുകൾക്ക് ശേഷം യു.ഡി.എഫ് പിടിച്ചെടുത്ത പഞ്ചായത്തുകളിലും, ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡൻറ് പദവിക്കായുള്ള വടംവലിയും അണിയറ നീക്കങ്ങളും സജീവമായി. 70 വർഷത്തിനുശേഷം ആദ്യമായി ഭരണം ലഭിച്ച പഞ്ചായത്തുകളായ മയ്യനാട്, നെടുമ്പന എന്നിവിടങ്ങളിലും തുല്യനിലയിലുള്ള മുഖത്തല ബ്ലോക്ക് പഞ്ചായത്തിലുമാണ് പ്രസിഡന്റ് പദവിക്കായി ചരട് വലികൾ സജീവമായിട്ടുള്ളത്. പരവൂർ നഗരസഭയിൽ ചെയർമാനായി സി.പി.എം ഉയർത്തി കാട്ടിയിരുന്ന സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം സേതുമാധവൻ പരാജയപ്പെട്ടതിനെ തുടർന്ന് അവിടെയും എൽ.ഡി.എഫിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള അണിയറ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2010 -15 കാലത്ത് വൈസ് ചെയർമാനായിരുന്ന കൊച്ചാലുംമൂട് വാർഡിൽ നിന്നും വിജയിച്ച സി.പി.എം ഏരിയ കമ്മറ്റി അംഗം ജയലാൽ ഉണ്ണിത്താനെയാണ് സി.പി.എം ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
പ്രതിപക്ഷം ഇല്ലാതെയും, ഏക പ്രതിപക്ഷ അംഗം മാത്രം നിലവിൽ ഉണ്ടായിരുന്നതുമായ മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമായ കണ്ണനല്ലൂർ എ.എൽ. നിസാമുദീനെയാണ് ഇവിടെ പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നെടുമ്പനയിൽ ജനറൽ സീറ്റിൽ മൽസരിച്ചു ജയിച്ച ബീനാ നാസിമുദ്ദീൻ ലബ്ബയെയായിരിക്കും പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുക. ജനറൽ സീറ്റിൽ നിന്നു മൽസരിച്ചു വിജയിച്ചതും, നേരത്തേ പഞ്ചായത്തംഗമായിരുന്നതും ബീനാ നാസിമുദ്ദീൻ ലബ്ബക്ക് തുണയാകും.
ഇടതു കോട്ടയായ മയ്യനാട്ട് ആദ്യമായി വിജയം നേടിയ യു.ഡി.എഫിന് പ്രസിഡൻറ് പദവി ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്. അഞ്ചു തവണ വിജയിച്ചിട്ടുള്ള രണ്ട് പേരുടെ പേരുകളാണ് ഇവിടെ പ്രസിഡൻറ് പദത്തിലേക്ക് പറഞ്ഞു കേൾക്കുന്നത്. കഴിഞ്ഞ തവണ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസിന് ഇവിടെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ പോലും കഴിഞ്ഞിരുന്നില്ല. പ്രസിഡൻറ് പദവി സ്വപ്നം കണ്ടു നടക്കുന്നവർ തങ്ങളുടെ പേര് നിർദ്ദേശിക്കുന്നതിനായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട മെമ്പർമാരുടെ പിറകേയാണ്. ഇവിടെ പ്രസിഡൻറ് പദവിക്കായി വടംവലി തുടർന്നാൽ രണ്ടര വർഷം വീതം പ്രസിഡൻറ് പദവി നൽകി പ്രശ്നപരിഹാരത്തിനും സാധ്യതയുണ്ട്. പത്തു സീറ്റ് നേടിയ യു.ഡി.എഫിന് തൃക്കോവിൽവട്ടത്തും ഭരണം ഉറപ്പായിട്ടുണ്ട്. ഇവിടെയും പ്രസിഡൻറിനെ കണ്ടെത്തുക യു.ഡി.എഫിന് തലവേദനയുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.