കൊല്ലം: ചെങ്കോട്ടയായ കൊല്ലത്ത് യു.ഡി.എഫിന്‍റെ അപ്രതീക്ഷിതമുന്നേറ്റം. ഇടതിന്‍റെ അഭിമാനമായിരുന്ന കോർപറേഷൻ ഇതാദ്യമായി പിടിച്ചെടുത്ത യു.ഡി.എഫിന്‍റെ തേരോട്ടത്തിനുമുന്നിൽ ബ്ലോക്ക്-ജില്ല-ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും നേടിയ മുൻതൂക്കത്തിൽ കടിച്ചു തൂങ്ങിയതുകൊണ്ട് മാത്രം എൽ.ഡി.എഫ് ചതഞ്ഞരഞ്ഞില്ല. ഗ്രാമ-നഗരസഭകളിൽ കഷ്ടിച്ചാണ് മുൻതൂക്കം നിലനിർത്തി എൽ.ഡി.എഫ് മുഖം രക്ഷിച്ചത്. കൊല്ലം കോർപറേഷനിൽ മേയർ അടക്കമുള്ളവരെയാണ് ജനം തോൽപിച്ചുവിട്ടത്. അവിടെ 39ൽ നിന്ന് 16 സീറ്റിലേക്ക് ഇടത് വീണപ്പോൾ യു.ഡി.എഫ് ഒമ്പതിൽ നിന്ന് 27ലേക്ക് കുതിച്ചു. ബിജെ.പി ആറിൽ നിന്ന് 12ലേക്ക് ഉയർന്നു. ജില്ല പഞ്ചായത്തിൽ ഇടത് 23ൽ നിന്ന് 17ലേക്ക് ഇറങ്ങേണ്ടിവന്നെങ്കിലും ഭരണം നിലനിർത്തി. യു.ഡി.എഫ് മൂന്നിൽ നിന്ന് 10ലേക്ക് ഉയർന്നു.
നാലു നഗരസഭകളിൽ മൂന്നിലും ഭരണമുണ്ടായിരുന്ന എൽ.ഡി.എഫിന് കൈയിലുണ്ടായിരുന്ന കരുനാഗപള്ളി നഷ്ടമായി. പുനലൂർ, കൊട്ടാരക്കര നഗരസഭകൾ നിലനിർത്താനായി. യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് ഭരിച്ച പരവൂർ ഇടതുപക്ഷം ഇക്കുറി ഒറ്റക്ക് നേടിയതിനാൽ എണ്ണത്തിൽ കുറവ് വന്നില്ല. കരുനാഗപള്ളിയിൽ ഒറ്റക്ക് ഭരണം ലഭിച്ചത് യു.ഡി.എഫിന് നേട്ടമായി. ബ്ലോക്ക് പഞ്ചായത്തുകളിൽ 11ൽ 10ഉം കൈവശമുണ്ടായിരുന്ന എൽ.ഡി.എഫിന് ഇത്തവണ ഏഴ് എണ്ണം മാത്രമേ നേടാനായുള്ളൂ. മൂന്നെണ്ണത്തിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ ഒരെണ്ണം തുല്യനിലയിലാണ്.
ഗ്രാമപഞ്ചായത്തുകൾ 67ൽ 44 എണ്ണം കൈവശമുണ്ടായിരുന്ന എൽ.ഡി.എഫിന് കേവല ഭൂരിപക്ഷമുള്ളത് ഇത്തവണ 33 എണ്ണത്തിൽ മാത്രം. പലയിടത്തും ബി.ജെ.പിയും മറ്റ് ചെറുകക്ഷികളും നിർണായകമാകും. ഒന്നിൽ പോലും ഭരണമില്ലാതിരുന്ന ബി.ജെ.പി രണ്ട് പഞ്ചായത്തുകൾ നേടി. എൽ.ഡി.എഫിന്‍റെ അടിസ്ഥാന വോട്ട് കേന്ദ്രങ്ങളിലേക്ക് ബി.ജെ.പി കടന്നുകയറിയത് അവർ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ വലിയ വിലനൽകേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.