കൊടുങ്കാറ്റിലും ആടിയുലയാതെ ഇടത് കോട്ടയായി പുനലൂർ

പുനലൂർ: സംസ്ഥാനമൊട്ടുക്കും വിരുദ്ധതരംഗം ആഞ്ഞടിച്ചപ്പോഴും കോട്ട ഭദ്രമാക്കി പുനലൂർ നഗരസഭയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. നിലവിലെ നഗര ഭരണ സമിതിക്കും സംസ്ഥാന സർക്കാറിനെതിരെയും ശക്തമായ പ്രചാരണം നടത്തി ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചതിലൂടെയാണ് നിലവിലെ സ്ഥിതിയെങ്കിലും തുടരാൻ ‍യു.ഡി.എഫിന് സഹായകമായത്.

നഗരസഭ നിലവിൽവന്ന 55 വർഷത്തിനിടെ ഒരുതവണ മാത്രമാണ് ഭരണം നേടാൻ യു.ഡി.എഫിന് കഴിഞ്ഞത്. ഇത്തവണ ബി.ജെ.പി 13 വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താതിരുന്നതിനാൽ ഈ വാർഡുകളിലടക്കം പലയിടത്തും വോട്ട് മറ്റുള്ളവർക്ക് മറിച്ചതായി ആക്ഷേപമുണ്ട്.

ഇത്തവണ ആകെയുള്ള 36 വാർഡുകളിൽ നിലവിലുണ്ടായിരുന്ന 21 വാർഡുകളും എൽ.ഡി.എഫ് വിജയിച്ചപ്പോൾ യു.ഡി.എഫും നിലവിലെ സ്ഥിതി തുടർന്ന് വിജയം 14 വാർഡിൽ നിലനിർത്തി.

ഒരു വാർഡിൽ വിജയിച്ച് ബി.ജെ.പി നഗരസഭ‍യിൽ അക്കൗണ്ട് തുറന്നപ്പോൾ ഒമ്പതിടത്ത് മത്സരിച്ച ഡി.എം.കെക്ക് കാര്യമായ നേട്ടം ഉണ്ടായില്ല. എൽ.ഡി.എഫ് ഭരണം നേടിയെങ്കിലും ചെയർമാൻ സ്ഥാനാർഥിയായിരുന്ന സി.പി.എം നേതാവ് എസ്. ബിജു ശാസ്താംകോണത്തും മറ്റൊരു നേതാവായ എസ്. രാജേന്ദ്രൻ നായർ കലയനാട്ടും പരാജയപ്പെട്ടത് മുന്നണിക്ക് ആഘാതമായി. സി.പി.എമ്മിന്‍റെ നിലവിലെ ചെയർമാന്‍റെ വാർഡായ ഐക്കരക്കോണം ബി.ജെ.പി പിടിച്ചെടുത്തതും മറ്റൊരു തിരിച്ചടിയായി. നഗരസഭയിൽ പുതിയതായി ഉണ്ടായ കുതിരച്ചിറ വാർഡ് എൽ.ഡി.എഫ് നേടി.

യു.ഡി.എഫിൽ മുതിർന്ന നേതാവും നിലവിലെ കൗൺസിലറുമായ എൻ. സുന്ദരേശനും ഭാര്യ യമുന സുന്ദരേശനും കൗൺസിലർമാരായിരുന്ന കെ. കനകമ്മയും എസ്. പൊടിയൻ പിള്ള‍യും തോറ്റത് തിരിച്ചടിയായി. നിലവിലെ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, ഉപലീഡർ സാബു അലക്സ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ നെൽസൺ സെബാസ്റ്റ്യൻ എന്നിവർ വിജയിച്ച പ്രമുഖരിൽപ്പെടുന്നു. എൽ.ഡി.എഫിൽ സി.പി.എം 21ലും സി.പി.ഐ 11 ലും കേരള കോൺഗ്രസ് ബി രണ്ടിലും കേരള കോൺഗ്രസ് എം, എൻ.സി,പി ഓരോ വാർഡുകളിലും മത്സരിച്ചിരുന്നു. ഇതിൽ സി.പി.എം - 13ലും സി.പി.ഐ-6 ലും കേരള കോൺഗ്രസ് ബി രണ്ടിലും വിജയിച്ചു. യു.ഡി.എഫിൽ കോൺഗ്രസ് 32 വാർഡിലും ആർ.എസ്.പി രണ്ടിലും മുസ് ലീം ലീഗ്, കേരള കോൺഗ്രസ് ജോസഫ് ഒന്നിലും മത്സരിച്ചു. ഇതിൽ കോൺഗ്രസ് 12 ലും ആർ.എസ്.പി, കേരള കോൺഗ്രസ് ജോസഫ് ഓരോന്നിലും വിജയിച്ചു.

Tags:    
News Summary - local body election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.