കോവിഡിനെ മറയാക്കുന്നു അമ്പലപ്പുഴ: കോവിഡിൻെറ മറവിൽ തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനം ഉടൻ നിർത്തിവെക്കാൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിമണൽ ഖനനം നടക്കുന്ന തോട്ടപ്പള്ളി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി നേരിടാനായി ചെയ്യേണ്ട നടപടികളൊന്നും സർക്കാർ ചെയ്തിട്ടില്ല. ലീഡിങ് ചാനലിൻെറ ആഴം വർധിപ്പിച്ച് വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന് പകരം കരിമണൽ ഖനനം നടത്തുകയാണ് സർക്കാർ. തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ഇതിനെതിരാണ്. ലീഡിങ് ചാനലിൻെറ ആഴം കൂട്ടുന്നതിനേക്കാൾ സർക്കാറിന് താൽപര്യം കരിമണൽ ഖനനത്തിലാണ്. കുട്ടനാട്ടിലെ വെള്ളം ഒഴുകിപ്പോകുന്നതിന് തീരദേശവാസികൾ എതിരല്ല. തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്താനുള്ള ആസൂത്രിത നീക്കമാണ് സർക്കാർ നടത്തുന്നത്. തോട്ടപ്പള്ളിയിൽ സ്പിൽവേ ഷട്ടറിൻെറ തകരാർ പരിഹരിക്കാൻ ഇതുവരെ തയാറായിട്ടില്ല. തീരദേശത്ത് കടൽക്ഷോഭം തടയാൻ ഒരു രൂപ പോലും ചെലവഴിക്കാൻ ഈ നാലുവർഷം കഴിഞ്ഞിട്ടും സർക്കാറിനായിട്ടില്ല. കടൽ ഭിത്തി നിർമാണത്തിനേക്കാൾ പ്രധാനം സർക്കാറിന് കരിമണൽ ഖനനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 'മണൽ കടലാക്രമണ പ്രതിരോധത്തിന് ഉപയോഗിക്കണം' ആലപ്പുഴ: തോട്ടപ്പള്ളി പൊഴി മുറിക്കുേമ്പാഴും കനാൽ ആഴം കൂട്ടുന്നതിലൂടെയും ലഭിക്കുന്ന മുഴുവൻ മണലും കടലാക്രമണത്തെ പ്രതിരോധിക്കാൻ ഉപയോഗിക്കണമെന്ന് കടലോര കായലോര മത്സ്യത്തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടനാട്ടിൽനിന്ന് വെള്ളം ഒഴുകി പോകുന്നതിന് തോട്ടപ്പള്ളി സ്പിൽവേയുടെ കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തുമായി അടിഞ്ഞിരിക്കുന്ന കിഴക്കൻ മണൽ നീക്കം ചെയ്യുന്നതിന് പകരം കടൽതീരത്ത് മണൽ കൊള്ള നടത്തുന്നതിന് പിന്നിൽ ജലസേചന വകുപ്പിൻെറ ഒത്തുകളിയാണെന്ന് യൂനിയൻ ജില്ല പ്രസിഡൻറ് ഒ.കെ. മോഹനനും ജനറൽ സെക്രട്ടറി വി.സി. മധുവും പ്രസ്താവിച്ചു. കോടികൾ വിലമതിക്കുന്ന മണൽ ഇവിടെനിന്ന് നൂറുകണക്കിന് ലോറികളിൽ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നുണ്ട്. ഇതിൻെറ പ്രത്യാഘാതം മൺസൂൺ നാളുകളിലുണ്ടാകുന്ന കടലാക്രമണത്തിലൂടെ തീരദേശത്ത് പ്രകടമാകും. കടലാക്രമണം മൂലം ഇല്ലാതാകുന്ന പുറക്കാട്ട് പഞ്ചായത്തും ഏതു നിമിഷവും തകരാവുന്ന നാഷനൽ ഹൈവേയും നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളും സർക്കാറിൻെറയും ജനപ്രതിനിധികളുടെയും പരിഗണനയിൽ ഉണ്ടാകേണ്ടതായിരുന്നു. പിന്നിട്ട നാളുകളിൽ ഒരു മീറ്റർ കടൽഭിത്തി നിർമിക്കാനുള്ള ടെൻഡർ പോലും വിളിക്കാത്ത ജലസേചന വകുപ്പ് തോട്ടപ്പള്ളിയിൽ മണൽക്കൊള്ള നടത്തുന്നതിന് പിന്നിൽ ജനപക്ഷ താൽപര്യമല്ലെന്നും ഇവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.