ട്യൂമറി​ന്​ മുന്നിൽ തോൽക്കാൻ അനിൽകുമാറിന്​ മനസ്സില്ല

ആലപ്പുഴ: രണ്ടുവട്ടം രൂപപ്പെട്ട മസ്തിഷ്ക ട്യൂമർ ഇടതുകൈയുടെയും കാലിൻെറയും സ്വാധീനം നഷ്ടമാക്കിയെങ്കിലും അനിൽകുമാർ പൊരുതാൻ ഉറച്ചുതന്നെയാണ്. പിതാവിൻെറ വാഹന ബോഡി ബിൽഡിങ് വർക്ഷോപ് നടത്തിക്കൊണ്ടുപോകാനാവാതെ വന്നതോടെ തൊഴിൽരഹിതനായ ഈ 35കാരൻ സ്വന്തമായി തൊഴിൽ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സ്വന്തമായി രൂപകൽപന ചെയ്ത വാഹനത്തിൽ ലോട്ടറി വിൽപനക്കൊരുങ്ങുകയാണ് വലിയമരം വാർഡിലെ താമസക്കാരനായ ഇൗ യുവാവ്. 2013ൽ ആദ്യമായി ട്യൂമർ വന്നപ്പോൾ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലെ ശസ്ത്രക്രിയക്കും കീമോതെറപ്പിക്കും വൻ തുക ചെലവായി. കാരുണ്യ ഫാർമസി വില കുറച്ചതിൻെറ പേരിൽ മരുന്നുകമ്പനികൾ വിതരണം നിർത്തിയത് തിരിച്ചടിയായി. വീണ്ടും പ്രത്യക്ഷപ്പെട്ട ട്യൂമർ നീക്കാൻ ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തി. തുടർചികിത്സ ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു. 10 ലക്ഷത്തോളം രൂപ ചികിത്സക്ക് ചെലവഴിച്ച അനിൽ തൻെറ ചികിത്സക്കും വൃദ്ധമാതാവിനെ പരിചരിക്കാനും ആർക്കും മുന്നിൽ കൈനീട്ടാൻ ഒരുക്കമല്ല. മുച്ചക്ര വാഹനത്തിന് ആഗോള സാമൂഹിക പ്രസ്ഥാനത്തെയും നഗരസഭയെയും സമീപിച്ചെങ്കിലും ആദ്യ പ്രതികരണം നിരാശ സമ്മാനിക്കുന്നതായിരുന്നു. അപേക്ഷ വാങ്ങിവെച്ചതല്ലാതെ ഒന്നും സംഭവിക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ സ്വന്തമായി വാഹനം രൂപകൽപന ചെയ്യാൻ തീരുമാനിച്ചു. 25 കൊല്ലമായി പൊന്നുപോലെ സൂക്ഷിച്ചിരുന്ന സൈക്കിളിന് പകരം സുഹൃത്ത് നവാസിൻെറ കടയിൽനിന്ന് പഴയൊരു ലേഡീസ് സൈക്കിൾ വാങ്ങി. തിരുവമ്പാടിയിലെ എൻജിനീയറിങ് വർക്ഷോപ്പിൽ 4500 രൂപ ചെലവഴിച്ച് സൈഡ് വീലുകൾ ഘടിപ്പിച്ചു. ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മുച്ചക്ര വാഹനത്തിന് പകരം സൈക്കിൾതന്നെ ഉപയോഗിക്കുന്നത് ഫിസിയോ തെറപ്പി ചികിത്സക്കുകൂടി സഹായകമാണെന്ന് അനിൽ പറയുന്നു. മുന്നിലൊരു ബോർഡും പിന്നിലൊരു ബോക്സും ഘടിപ്പിച്ചാൽ ലോട്ടറി വിൽപന ആരംഭിക്കാമെന്നാണ് ആലോചന. ---- വി.ആർ. രാജമോഹൻ പടം BT 1,2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.