പനയപ്പിള്ളിയിലെ അപകടാ
വസ്ഥയിലായ ബഹുനില
കെട്ടിടം മേയറും സംഘവും
സന്ദർശിക്കുന്നു
മട്ടാഞ്ചേരി: അപകടഭീതിയുയർത്തി പനയപ്പള്ളിയിലെ പ്രധാന റോഡിന്റെ വശത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 70 വർഷം പഴക്കമുള്ള ബഹുനില കെട്ടിടത്തിന്റെ മുകള്ഭാഗം പൊളിച്ച് നീക്കാന്‍ തീരുമാനം.
കെട്ടിടത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് 'മാധ്യമത്തിൽ' റിപ്പോർട്ട് വന്നിരുന്നു. അപകടാവസ്ഥയുടെ പശ്ചാത്തലത്തില്‍ മേയര്‍ വി.കെ. മിനിമോള്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷറഫ്, ഡിവിഷന് കൗണ്‍സിലര്‍ സുഹാന സുബൈര്‍ എന്നിവരടങ്ങുന്ന സംഘം കെട്ടിടം സന്ദര്‍ശിച്ചു. കെട്ടിടത്തിന്റെ മുകള്ഭാഗം പൊളിച്ചുമാറ്റുമെന്ന് കെട്ടിട ഉടമ മേയറെ അറിയിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ബലപരിശോധന കൂടി നടത്തിയതിന് ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. നാല് നിലകളിലായി സ്ഥിതി ചെയ്യുന്ന തക്യാവ് കൃഷ്ണന്‍സ് കെട്ടിടത്തിന്റെ താഴെനിലയില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു നിലകളിലെ ലോഡ്ജില്‍ താമസക്കാരുമുണ്ട്.
കെട്ടിടം തകര്‍ന്നാല്‍ അത് വലിയ ദുരന്തമായിരിക്കും ക്ഷണിച്ച് വരുത്തുക. മുൻ കൗണ്‍സിലര്‍ എം.എച്ച്.എം. അഷറഫ് നേരത്തെ നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ ഏപ്രിലില്‍ കെട്ടിടം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭ ഫോര്‍ട്ട്കൊച്ചി മേഖല അസി. എന്‍ജിനീയര്‍ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കിയെങ്കിലും തുടർനടപടിയുണ്ടായില്ല. പിന്നീട് പനയപ്പിള്ളി സ്വദേശി ടി.എം. സൈനുദ്ദീന്‍ എന്ന ഫിറോസ് മുഹമ്മദ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരാതി നല്‍കിയിരുന്നു. കെട്ടിടത്തിന്റെ മുകളിലെ നില ഇന്ന് മുതല്‍ പൊളിച്ച് നീക്കാന്‍ തുടങ്ങിയേക്കും. അപകടാവസ്ഥയിലായ കെട്ടിടം പൂര്‍ണമായും പൊളിച്ച് നീക്കാന്‍ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.