സ്റ്റോപ് മെമ്മോ നൽകിയ തണ്ണീർത്തടം ഭൂമാഫിയ നികത്തുന്നു

പള്ളുരുത്തി: സബ് കലക്ടർ ഇടപെട്ട് സ്റ്റോപ് മെമ്മോ നൽകിയ തണ്ണീർത്തടം ഭൂമാഫിയകളുടെ നേതൃത്വത്തിൽ നികത്തുന്നു. ഇടക്കൊച്ചി പാലമുറ്റം റോഡിൽ സബർമതി ജങ്ഷന് സമീപമാണ് റവന്യൂ അധികൃതരെയും പൊലീസിനേയും നോക്കുകുത്തികളാക്കി, സ്റ്റോപ് മെമ്മോ നൽകിയ തണ്ണീർത്തടം നികത്തുന്നത്. രൂക്ഷമായ വെള്ളക്കെട്ട് നേരിടുന്ന പ്രദേശത്താണ് നികത്തൽ.

വേലിയേറ്റത്തിൽ വലിയ വെള്ളക്കെട്ടാണ് പ്രദേശത്ത് രൂപപ്പെടുന്നത്. തണ്ണീർത്തടം നികത്തുന്നതോടെ പ്രദേശം രൂക്ഷമായ വെള്ളക്കെട്ടിലാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രണ്ടരയേക്കർ വരുന്ന തണ്ണീർത്തടത്തിൽ അമ്പത് സെന്റോളം പുരയിടമായി റവന്യൂ രേഖകളിൽ കാണിച്ചിരിക്കുന്നതിന്റെ മറവിലാണ് മുഴുവൻ തണ്ണീർത്തടവും നികത്തുന്നത്. മാസങ്ങൾക്ക് മുമ്പ് ഫോർട്ട്കൊച്ചി സബ് കലക്ടർ സ്ഥലം സന്ദർശിക്കുകയും സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തതിനെ തുടർന്ന് നികത്തൽ നിർത്തിയ ഭൂമാഫിയ ഒരിടവേളക്ക് ശേഷം തണ്ണീർത്തടത്തിന് ചുറ്റും പതിനഞ്ച് അടിയോളം ഉയരത്തിൽ കൂറ്റൻ മതിൽ കെട്ടിയാണ് നികത്തൽ പുനരാരംഭിച്ചത്. നഗരസഭ റോഡും കൈയേറിയാണ് മതിൽ നിർമിക്കുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. മതിൽ നിർമിക്കുന്നതിന് നഗരസഭയുടെ അനുവാദമില്ലെന്നും പറയുന്നു.

കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ള മതിൽ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ചിത്രങ്ങൾ സഹിതം പരാതി നൽകിയെങ്കിലും ഇതുവരെ അധികൃതർ നടപടിയെടുത്തിട്ടില്ല. മതിൽ ഉയർന്നതോടെ നിലവിൽ പുറമേനിന്ന് ആർക്കും തണ്ണീർത്തടം കാണാൻ സാധിക്കില്ല. മതിൽ നിർമാണത്തിന്റെ പേരിൽ ലോഡ് കണക്കിന് കെട്ടിടാവശിഷ്ടങ്ങളും, മാലിന്യങ്ങളും നികത്തലിനായി ഉപയോഗിക്കുന്നുണ്ട്. തണ്ണീർത്തടത്തിനോട് ചേർന്ന സർക്കാർ പുറമ്പോക്ക് തോടും നികത്തിയതായും പരാതിയുണ്ട്. കായൽ വേലിയേറ്റം ഉണ്ടാകുമ്പോൾ വെള്ളം കയറിയിറങ്ങുന്ന തോടാണ് നികത്തിയത്. നികത്തൽ ജോലിക്കായി ഉപയോഗിക്കുന്ന വാഹനം പിടികൂടുവാൻ പൊലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. നികത്തുന്നതിനായെത്തുന്ന ലോറികളും മറ്റ് വാഹനങ്ങളും പിടികൂടി കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ കൗൺസിലർ അഭിലാഷ് തോപ്പിൽ ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. 

Tags:    
News Summary - The land mafia is filling up the wetland for which a stop memo was issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.