അമ്പലപ്പുഴ: കാപ്പിത്തോട്ടിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ കോൺഗ്രസുകാരാണ് കുഴപ്പക്കാരെന്ന് മന്ത്രി ജി. സുധാകരൻ. കാപ്പിത്തോടിൻെറ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ അമ്പലപ്പുഴ ടൗൺഹാളിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനോപകാരപ്രദങ്ങളായ വികസനപ്രവർത്തനങ്ങൾ നടത്തിയ ചരിത്രം കോൺഗ്രസിനില്ല. കോൺഗ്രസിനോടൊപ്പമാണ് മുസ്ലിം ലീഗും ബി.ജെ.പിയും എസ്.ഡി.പി.ഐയും. മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും ഭരിച്ചപ്പോൾ ബൈപാസിനുവേണ്ടി ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ 'സേവ് ബൈപാസു'മായി മെഴുകുതിരി കത്തിക്കുന്നത്. കഴിഞ്ഞ സർക്കാറിൻെറ കാലത്ത് കാപ്പിത്തോടിൻെറ ശോച്യാവസ്ഥ പരിഹരിക്കാൻ പദ്ധതി സമർപ്പിച്ചിരുന്നു. പ്രദേശത്തെ മത്സ്യവ്യവസായങ്ങൾ സംരക്ഷിച്ചുള്ള പദ്ധതിയായിരുന്നു. എന്നാൽ, കെ.സി. വേണുഗോപാലും എ.എ. ഷുക്കൂറും ഉൾപ്പെടെയുള്ളവരാണ് അതിന് കുഴപ്പങ്ങൾ ഉണ്ടാക്കിയത്. 18 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 10 കോടിയും വിവിധ പഞ്ചായത്തുകളുടെ എട്ട് കോടി രൂപയും. എന്നാൽ, കോൺഗ്രസ് ഭരിച്ചിരുന്ന അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് തുക നൽകിയില്ല. പദ്ധതിക്ക് ഉമ്മൻ ചാണ്ടി സർക്കാർ അനുമതിയും നൽകാതെവന്നതോടെ തുക വിദ്യാഭ്യാസമേഖലകളിൽ വിനിയോഗിക്കേണ്ടിവന്നു. കാപ്പിത്തോടിൻെറ ശോച്യാവസ്ഥ പരിഹരിക്കാൻ ഈ സർക്കാർ 20 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന് ജനകീയ കൂട്ടായ്മ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജുനൈദ്, ജനതാദൾ അമ്പലപ്പുഴ മണ്ഡലം പ്രസിഡൻറ് മുജീബ് റഹ്മാൻ, എച്ച്. സലാം, സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുലാൽ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധർമ ഭുവനചന്ദ്രൻ, വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സുവർണ പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സഹായം നൽകി ആലപ്പുഴ: വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കൊല്ലപ്പെട്ട സൗമ്യ പുഷ്കരൻെറ മൂന്ന് മക്കളുടെ തുടർവിദ്യാഭ്യാസം കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും ചേർന്ന് ഏറ്റെടുത്തു. ഇതിൻെറ ഭാഗമായി വിദ്യാഭ്യാസ കുടുംബ സഹായനിധി ശനിയാഴ്ച ആലപ്പുഴ വനിത സെല്ലിൽ നടന്ന ചടങ്ങിൽ യു. പ്രതിഭ എം.എൽ.എ വിതരണം ചെയ്തു. കേരള പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എ. അഞ്ജു അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി കെ.എം. ടോമി അനുസ്മരണം നടത്തി. പൊലീസ് അസോസിയേഷൻ െസക്രട്ടറി വിേവക്, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി കെ. ജയകൃഷ്ണൻ, സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ. അനിൽ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.