കാലടി: ശ്രീമൂലനഗരം തങ്കപ്പന് ഗ്രാമത്തിൻെറ ആദരാഞ്ജലി. സിനിമക്കഥയെ വെല്ലുന്ന ജീവീതമായിരുന്നു എം.കെ. തങ്കപ്പൻ എന്ന ശ്രീമൂലനഗരം തങ്കപ്പേൻറത്. വേദന നിറഞ്ഞ ജീവിതത്തിൻറ തിരക്കഥയിൽ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ബാക്കിയാക്കിയാണ് ഞായറാഴ്ച വിടവാങ്ങിയത്. ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര സംവിധായകരുടെ അസിസ്റ്റൻറായിരുന്നു തങ്കപ്പൻ ശ്രീമൂലനഗരം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൻെറ തെക്കുഭാഗത്ത് കല്ലയം ഭാഗത്ത് തട്ടുകട നടത്തിയാണ് കഴിഞ്ഞ കുറെനാളായി ജീവിതം തള്ളിനീക്കിയത്. വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ചെറിയ കടയിലാണ് കച്ചവടം നടത്തിവന്നത്. സായാഹ്നങ്ങളിൽ വിമാനത്താവളത്തിൻെറ കാഴ്ച കാണാനും കാറ്റു കൊള്ളാനും എത്തുന്നവർക്ക് ബജി ഉൾപ്പെടെ വിഭവങ്ങൾ നൽകുമ്പോൾ വാങ്ങുന്നവർ അറിഞ്ഞില്ല, ഈ കലാകാരനെ. അഭ്രപാളിയുടെ അണിയറയിൽ സജീവമായിരുന്ന ഭൂതകാലത്തിൽനിന്നിറങ്ങിവന്ന്, ജീവിതയാഥാർഥ്യങ്ങളെ നേരിടുകയായിരുന്നു. വിധി കാത്തുെവച്ച അവസ്ഥകളോട് പൊരുതുമ്പോഴും, ഇനിയുമൊരിക്കൽ സിനിമയെന്ന വലിയ സ്വപ്നത്തിൻെറ ഭാഗമാകാൻ കഴിയുമെന്ന പ്രതീക്ഷകളാണ് ഇദ്ദേഹത്തെ മുന്നോട്ടുനയിച്ചത്. അമ്പതോളം സിനിമകളിൽ സംവിധാന സഹായിയായിരുന്നു. സിനിമയില്ലാതായതോടെ കുടുംബം ഉപേക്ഷിച്ചുപോയി. ശ്രീമൂലനഗരം കല്ലയത്ത് മണത്തല വീട്ടിൽ കുമാരൻെറയും കാളിക്കുട്ടിയുടെയും മകനാണ്. പി.കെ. ജോസഫ് എന്ന സംവിധായകൻെറ സഹായിയായി എൻെറ കഥ എന്ന സിനിമയിലാണ് ആദ്യമായി പ്രവർത്തിച്ചത്. 'എൻെറ കഥ'യിൽ േപ്രംനസീറിൻെറ മുഖത്ത് ക്ലാപ്പടിച്ചായിരുന്നു തുടക്കം. മമ്മൂട്ടി, രതീഷ് തുടങ്ങിയവരായിരുന്നു എൻെറ കഥയിലെ മറ്റുതാരങ്ങൾ. സിനിമയിൽ എത്തിയപ്പോഴും പിക്നിക് എന്ന ഹോട്ടലിലും ജോലി ചെയ്തിരുന്നു. പിന്നീട് പി.കെ. ജോസഫിനൊപ്പം മുളമൂട്ടിൽ അടിമ, വിടപറയാൻ മാത്രം തുടങ്ങിയ സിനിമകളിലും സഹായിയായി. ബാബു കുരുവിള സംവിധാനം ചെയ്ത മനയ്ക്കലെ തത്ത, ആരുണ്ടിവിടെ ചോദിക്കാൻ എന്നീ സിനിമകളിലും സഹകരിച്ചു. തുടർന്നാണ് സംവിധായകൻ തുളസീദാസിൻെറ സംവിധാന സഹായിയാകുന്നത്. ഒന്നിന് പിറകെ മറ്റൊന്ന്. ആ ചിത്രം മുതൽ തുളസീദാസിൻെറ അസിസ്റ്റൻറായി. തുടർന്ന് ലയനം, കൗതുകവാർത്തകൾ, പാരലൽ കോളജ്, ഉത്തരകാണ്ഡം, ആയിരം നാവുള്ള അനന്തൻ, കിലുകിൽ പമ്പരം തുടങ്ങി ഇരുപത്തിരണ്ടോളം ചിത്രങ്ങളിൽ സംവിധാന സഹായിയായി. രാജസേനൻെറ ഒപ്പം ഒമ്പത് ചിത്രങ്ങളിൽ സഹകരിച്ചു. ബിജു വട്ടപ്പാറ സംവിധാനം ചെയ്ത 'ഇന്നാണ് ആ കല്യാണം' ആണ് അവസാനമായി സംവിധാന സഹായിയായ ചിത്രം. തങ്കപ്പൻെറ ദുരിതജീവീതം 'മാധ്യമം' കൊച്ചി ലൈവിൽ വാർത്തയാക്കിയിരുന്നു. ഇതേത്തുടർന്ന് തനിമ കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തിയ സാംസ്കാരിക സഞ്ചാരം പരിപാടിയിൽ അദ്ദേഹത്തെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.