ആലുവ: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിൻെറ കളർ ഫോട്ടോസ്റ്റാറ്റ് നൽകി വിൽപനക്കാരെ കബളിപ്പിച്ച് പണം തട്ടി. കഴിഞ് ഞദിവസം കടുങ്ങല്ലൂരിൽ നടന്ന തട്ടിപ്പിന് സമാനമായ തട്ടിപ്പ് ആലുവ നഗരത്തിലും നടന്നു. ആലുവ റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ സബ് ഏജൻസിയായി നടത്തുന്ന ലോട്ടറി വിൽപനകേന്ദ്രത്തിലാണ് കബളിപ്പിക്കൽ നടന്നത്. ശനിയാഴ്ച നറുക്കെടുത്ത സംസ്ഥാന സർക്കാറിൻെറ കാരുണ്യ ലോട്ടറിയുമായി തിങ്കളാഴ്ച രാത്രി 11.15ഓടെയാണ് തട്ടിപ്പുകാരൻ ലോട്ടറി വിൽപന കേന്ദ്രത്തിലെത്തിയത്. ടിക്കറ്റ് നൽകിയശേഷം സ്ഥാപനത്തിലെ ജീവനക്കാരോട് സമ്മാനമുണ്ടോയെന്ന് നോക്കാൻ ആവശ്യപ്പെട്ടു. 1000 രൂപ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചതോടെ 200 രൂപയുടെ ടിക്കറ്റുകളും ബാക്കി 800 രൂപയും വാങ്ങി മുങ്ങി. തട്ടിപ്പുസംഘത്തിൻെറ കൈവശം സമ്മാനം ലഭിച്ച യഥാർഥ ടിക്കറ്റ് ഉണ്ടാകാമെന്നും ഇതിൻെറ കളർ പകർപ്പ് എടുത്ത് വ്യാജ സീൽ പതിപ്പിക്കുന്നതാകാമെന്നും സംശയിക്കുന്നു. ഒറിജിനൽ ടിക്കറ്റിൽ സീൽ പതിച്ച ഭാഗത്തുതന്നെ വ്യാജ സീലും രേഖപ്പെടുത്തും. നീല ഷർട്ട് ധരിച്ചെത്തിയ ഇയാൾക്ക് ഏകദേശം 30 വയസ്സ് തോന്നിക്കും. ലോട്ടറിയുടെ പിൻവശം വാലൂസ് ലക്കി സൻെറർ, പട്ടാമ്പി എന്ന സീൽ പതിച്ചിട്ടുണ്ട്. ഏജൻസി നമ്പറും ഫോൺ നമ്പറും ഉണ്ടെങ്കിലും വ്യക്തമല്ല. ഒറ്റനോട്ടത്തിൽ വ്യാജനാണെന്ന് തിരിച്ചറിയാനാകില്ല. സി.സി ടി.വിയിൽ തട്ടിപ്പുകാരൻെറ ചിത്രം തെളിഞ്ഞിട്ടുണ്ട്. ഇത് സഹിതം ആലുവ പൊലീസിൽ പരാതി നൽകുമെന്ന് അസോസിയേഷൻ പ്രസിഡൻറ് എം.ആർ. അംബുജാക്ഷൻ, സെക്രട്ടറി എം.കെ. ഗോകുലൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.