കൊച്ചി: റോഡില്‍ കുഴഞ്ഞുവീണ വൃദ്ധനെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥക്ക് ഹൈകോടതി ജഡ്ജിയുടെ പ്രശംസ. ഈ മാസം 13ന് കലൂര്‍ ദേശാഭിമാനി കവലയിൽ പതിവ് ഡ്യൂട്ടിയിലായിരിക്കെ ഉണ്ടായ സംഭവത്തിനുനേരെ കണ്ണടക്കാതെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനപ്പുറം ജീവകാരുണ്യ പ്രവർത്തനം നടത്താൻ കാണിച്ച മനസ്സ് കണക്കിലെടുത്താണ് സിവില്‍ പൊലീസ് ഓഫിസര്‍ പി.ഡി. മഹിളാമണിയെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രശംസിച്ചത്. മഹിളാമണിയുടെ പ്രവൃത്തി പ്രശംസാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി സിറ്റി പൊലീസ് കമീഷണര്‍ക്ക് അഭിനന്ദനക്കത്ത് കൈമാറി. രാവിലെ മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങവേ കുഴഞ്ഞുവീണ പോണേക്കര മാനംചാത്ത് കെ.ബി. ബാബുവിനെയാണ് മഹിളാമണി രക്ഷപ്പെടുത്തിയത്. റോഡ് മുറിച്ചുകടക്കാന്‍ ബാബു മഹിളാമണിയുടെ സഹായം തേടി. നടക്കുന്നതിനിടെ പ്രയാസം തോന്നിയ ഇയാൾ നെഞ്ചുവേദനിക്കുന്നതായി പറഞ്ഞു. റോഡിന് സമീപത്തിരുത്തി തൊട്ടടുത്ത ഹോട്ടലില്‍നിന്ന് വെള്ളം വാങ്ങിക്കൊടുത്തെങ്കിലും ഛര്‍ദിച്ചു. ബോധം മറയുംമുമ്പ് തന്നെ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി മഹിളാമണി അവരെ വിവരമറിയിച്ചു. ഉടന്‍ ഓട്ടോ വിളിച്ച് ലിസി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദയത്തില്‍ രണ്ട് ബ്ലോക്കുണ്ടെന്നും പെട്ടെന്ന് എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മഹിളാമണിയെപ്പോലുള്ളവരാണ് മനുഷ്യത്വത്തിലും പൊലീസിലുമുള്ള വിശ്വാസം ഉറപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻെറ അഭിനന്ദനക്കത്തിൽ പറയുന്നു. അഭിനന്ദനം മഹിളാമണിയെ അറിയിക്കാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 19 വര്‍ഷമായി പൊലീസില്‍ ജോലിെചയ്യുന്ന ചേര്‍ത്തല സ്വദേശിനിയായ മഹിളാമണി ഇടപ്പള്ളി ഈസ്റ്റ് ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറാണ്. ഇവര്‍ കുടുംബസമേതം എറണാകുളത്ത് പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.