ആലുവ: കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന 72 പേരെ ഒറ്റ ദിവസംകൊണ്ട് പൊക്കി റൂറൽ ജില്ല പൊലീസ്. റൂറൽ ജില്ലയിൽ നടത്തിയ ഏകദിന സ്പെഷൽ ഡ്രൈവിലാണ് ജാമ്യമില്ലാ കുറ്റങ്ങളിൽ ഏർപ്പെട്ട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ 73 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
പുത്തൻകുരിശ് സബ് ഡിവിഷനിലാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്. 23 പേരെയാണ് ഇവിടെ പിടികൂടിയത്. മുനമ്പം സബ് ഡിവിഷനിൽ 21 പേരെയും ആലുവയിൽ 20 പേരെയും അറസ്റ്റ് ചെയ്തു. ലോങ് പെന്റിങ് വാറന്റുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടയിൽ ഒളിവിൽപ്പോയ നാലുപേരും പിടിയിലായി.ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 567 പേർക്കെതിരെ നടപടി സ്വീകരിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 34 പേർ പിടിയിലായി. പെരുമ്പാവൂർ സബ് ഡിവിഷനിലാണ് കൂടുതൽ. 14 പേരെയാണ് ഇവിടെനിന്ന് പിടികൂടിയത്.
പൊതുസ്ഥലത്ത് മദ്യപാനം, അനധികൃതമായി മദ്യം കൈവശംവെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 91 പേരെ കസ്റ്റഡിയിലെടുത്തു. മുനമ്പം സബ്ഡിവിഷനിലാണ് കൂടുതൽപേർ കുടുങ്ങിയത്-28. നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റ 59 പേർക്ക് പിടിവീണു.സ്ഥിരം കുറ്റവാളികൾ, ജയിലിൽ നിന്നും ഇറങ്ങിയവർ, ജാമ്യം ലഭിച്ചവർ എന്നിവരുടെയും തൽസ്ഥിതി പരിശോധിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പാർക്കിങ് ഏരിയ, പൊതുസ്ഥലങ്ങൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.റേഞ്ച് ഡി.ഐ.ജി ഡോ. അരുൾ ആർ.ബി കൃഷ്ണയുടെ നിർദേശപ്രകാരമായിരുന്നു സ്പെഷൽ ഡ്രൈവ്. വരുംദിവസങ്ങളിലും പരിശോധന നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.