കടമ്പ്രയാർ പ്രദേശത്ത് ആഴം കൂട്ടുന്നതിന്റെ മറവിൽ പാടം നികത്തിയ നിലയിൽ
കിഴക്കമ്പലം: കടമ്പ്രയാര്‍ ഇക്കോ ടൂറിസം പദ്ധതിയുടെ പേരില്‍ പുഴയോരത്തെ നെല്‍വയലുകള്‍ വ്യാപകമായി നികത്തുന്നു. പുഴയുടെ ആഴം കൂട്ടാനെന്ന പേരില്‍ നടത്തുന്ന ഡ്രഡ്ജിങ്ങിലൂടെ ലഭിക്കുന്ന പശമണ്ണ് ഉപയോഗിച്ചാണ് തീരത്തെ പാടശേഖരങ്ങള്‍ നികത്തിയെടുക്കുന്നത്. പഴങ്ങനാട് പുതുശ്ശേരി കടവിനോട് ചേര്‍ന്ന അര ഏക്കറോളം പാടശേഖരം ഇതിനകം ഇല്ലാതായിക്കഴിഞ്ഞു.
ബോട്ട് ജെട്ടി നിർമാണത്തിന്റെയും ഹോട്ടല്‍ നിർമാണത്തിന്റെയും മറവിലാണ് ഡ്രഡ്ജിങ് മണ്ണ് പാടത്ത് നിക്ഷേപിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ വാങ്ങിയ സ്ഥലങ്ങളാണ് ഇത്തരത്തില്‍ നികത്തുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങള്‍ നികത്തിയേക്കുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും. ടൂറിസം വികസനത്തിന്റെ പേരില്‍ പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വയല്‍ നികത്തലിനെതിരെ പഞ്ചായത്ത്, റവന്യൂ, കൃഷിഭവന് അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഒത്താശയോടെ രാഷ്ട്രീയ നേതാക്കളുടെ ബിനാമികളാണ് ഈ കരാറുകള്‍ നടത്തുന്നത്. അതിനാൽ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ മടിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
കടമ്പ്രയാറില്‍ വികസനത്തിന് പകരം വന്‍കിട കെട്ടിട സമുച്ചയങ്ങള്‍ക്കുള്ള പശ്ചാത്തലമൊരുക്കാനാണ് നീക്കം. കൃഷിയിടങ്ങളും നീര്‍ത്തടങ്ങളും ഇല്ലാതാക്കുന്നത് കടമ്പ്രയാറിനെ നാശത്തിലേക്ക് തള്ളിയിടുമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് ജനകീയ സമിതിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.