പിറവം: ഈ മാസം 28ന് നടക്കുന്ന പിറവം ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ക്രമീകരണം സംഘാടകസമിതി വിലയിരുത്തി. മുന്നൊരുക്കങ്ങളുടെ ഭാഗമായി എം.എൽ.എ അനൂപ് ജേക്കബിൻെറ നേതൃത്വത്തിൽ സമിതി മത്സരവേദിയും സമീപകേന്ദ്രങ്ങളും പരിശോധിച്ചു. ടൂറിസം വകുപ്പിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ മുന്നോടിയായി പിറവം പ്രാദേശിക വള്ളംകളിയും നടക്കും. ഉച്ചക്ക് ഒന്നിന് മത്സരസമ്മേളനം ആരംഭിക്കും. രണ്ടുമണിക്ക് ആരംഭിക്കുന്ന പ്രാദേശിക വള്ളംകളിയിൽ പിറവത്തെ മൂന്ന് പ്രാദേശിക ക്ലബിൻെറ ആറ് വള്ളം മത്സരിക്കും. വൈകീട്ട് നാലുമുതൽ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ ആരംഭിക്കും. മത്സരത്തിൻെറ മുന്നോടിയായി വിപുല പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. 27ന് പിറവം നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ പതാകജാഥ പര്യടനം നടത്തുമെന്ന് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സോജൻ ജോർജ് പറഞ്ഞു. മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക കമ്മിറ്റികളുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പിറവത്ത് നടന്ന യോഗത്തിൽ പിറവം നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ്, ടൂറിസം വകുപ്പ് ജോയൻറ് ഡയറക്ടർ രാജ് കുമാർ, ജില്ല ഫയർ ഓഫിസർ കെ.എസ്. ജോജി, മൂവാറ്റുപുഴ തഹസിൽദാർ പി.എസ്. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.