നിക്ഷേപത്തുക തട്ടിപ്പ്​; ചിട്ടിക്കമ്പനി ഉടമക്ക്​ രണ്ടുലക്ഷം പിഴ

ആലപ്പുഴ: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരിച്ചുനൽകാതെ മുങ്ങിയ ചിട്ടിക്കമ്പനി ഉടമക്ക് രണ്ടുലക്ഷം രൂപ പിഴ വിധിച്ച ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് നാലാം കോടതി മജിസ്ട്രേറ്റിൻെറ ഉത്തരവ് ജില്ല കോടതി ശരിെവച്ചു. ചിറയിൽ ചിട്ടീസ് എം.ഡി ആലുവ അശോകപുരം സ്വദേശി ചൂർണിക്കര പഞ്ചായത്തിൽ സി.പി. വിജയകുമാറിനോടാണ് പിഴ ഒടുക്കാൻ ഉത്തരവിട്ടത്. എന്നാൽ, മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്ന മൂന്നുമാസത്തെ തടവുശിക്ഷ കോടതി പിരിയുംവരെയുള്ള ഒരുദിവസത്തെ തടവുശിക്ഷയായി ജില്ല കോടതി കുറച്ചു. അതേസമയം, പിഴ അടച്ചില്ലെങ്കിൽ ഒരുമാസംകൂടി തടവ് അനുഭവിക്കണമെന്ന ഉത്തരവ് ജില്ല കോടതി മൂന്നുമാസമായി ഉയർത്തിയിട്ടുണ്ട്. പിഴസംഖ്യ അടക്കുന്നപക്ഷം തുക പരാതിക്കാരനായ ചേർത്തല പാണാവള്ളി ഷാലിമാർ വീട്ടിൽ റസൽ ഷാഹുലിന് നൽകണമെന്നും ഉത്തരവിട്ടു. ചന്തിരൂർ, അരൂർ, അരുക്കുറ്റി ഭാഗങ്ങളിൽ ചിട്ടിക്കമ്പനി നടത്തിയിരുന്ന ചിറയിൽ ചിട്ടീസിൽ 2003 ഡിസംബറിലാണ് പരാതിക്കാരൻ രണ്ടുലക്ഷം നിക്ഷേപിച്ചത്. 2006 ജൂലൈയിലാണ് ഇതിൻെറ കാലാവധി കഴിഞ്ഞത്. നിക്ഷേപത്തുക തിരിച്ചുചോദിച്ചപ്പോൾ ലഭിച്ചത് വണ്ടിച്ചെക്കായിരുന്നു. ഇതിനിടെ ചിട്ടി ഉടമക്കെതിരെ നിരവധി പരാതി ഉയരുകയും ഇയാൾ കമ്പനി പൂട്ടി ഒളിവിൽ പോവുകയും ചെയ്തു. പിന്നീട് ഇയാളെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഇതേതുടർന്നാണ് നിക്ഷേപത്തുക തിരിച്ചുതരാത്തതിനെതിരെ റസൽ ക്രിമിനൽ കേസ് ഫയൽ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.