പറവൂർ: തൊഴിലാളികൾക്ക് മൂന്ന് മാസമായി വേതനം ലഭിക്കാത്തതിനാൽ നഗരസഭയിലെ തൊഴിലുറപ്പ് പദ്ധതി അവതാളത്തിൽ. ഇതോടെ ന ഗരസഭയിലെ 29 വാർഡുകളിലെയും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലുകൾ നിലച്ചിരിക്കുകയാണ്. 50 ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി അറിയിപ്പ് വന്നെങ്കിലും ട്രഷറിയിൽ പണമില്ലാത്തതിനാൽ തുക നഗരസഭക്ക് ലഭിച്ചിട്ടില്ല. തൊഴിലാളികൾക്കുള്ള വേതനം നൽകേണ്ടത് സംസ്ഥാന സർക്കാറാണ്. ഇവർക്കുള്ള വേതനം മൂന്ന് മാസത്തോളമായി കുടിശ്ശികയാണ്. പത്ത് ലക്ഷം രൂപയോളമാണ് കുടിശ്ശിക ഉള്ളത്. നഗരത്തിലെ 29 വാർഡുകളിലും പ്ലാസ്റ്റിക് ശേഖരണ പദ്ധതിയിൽ ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെയും സ്ഥിതി ഭിന്നമല്ല. ഇവർക്കും വേതനം ലഭിക്കാത്തതിനാൽ ഈ പദ്ധതിയും അവതാളത്തിലായിരിക്കുകയാണ്. പി.എം.വൈ.എഫ്, ലൈഫ്, പ്രളയം മൂലം വീട് നഷ്ടപ്പെട്ടവർ എന്നിവർക്കും തൊഴിലുറപ്പ് പദ്ധതിയിൽനിന്നും നൽകേണ്ട തുക നൽകാൻ കഴിഞ്ഞിട്ടില്ല. പ്ലാൻ ഫണ്ട് പ്രകാരമുള്ള പദ്ധതി വിഹിതത്തിൽ വാട്ടർ അതോറിറ്റിക്ക് നൽകാനുള്ള തുകയിൽ വെട്ടിക്കുറവ് നടത്തിയതിനാൽ ഇവയുടെ പദ്ധതി പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ആശ്രയ ഗുണഭോക്താക്കൾക്ക് പ്രതിമാസം നൽകുന്ന ഭക്ഷണക്കിറ്റ് വിതരണവും മുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. പലതവണ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടും അനുഭാവപൂർണമായ തീരുമാനം ഉണ്ടാകാത്തത് നഗരസഭയുടെ പ്രവർത്തനത്തെയും ബാധിച്ചിരിക്കുകയാണ്. അതേസമയം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു മാസത്തെ വേതനം നഗരസഭയുടെ തനത് ഫണ്ടിൽനിന്നും നൽകാൻ കൗൺസിൽ തീരുമാനിച്ചതായി ചെയർമാൻ രമേഷ്.ഡി.കുറുപ്പ് അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള വേതനം അടിയന്തരമായി അനുവദിക്കണമെന്നും പ്രമേയത്തിലൂടെ കൗൺസിൽ യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.