വിവിധ ജില്ലകളിൽ സന്തോഷിനെതിരെ മോഷണക്കേസുകളുണ്ട് കായംകുളം: അർധരാത്രി തുണിക്കട കുത്തിത്തുറക്കാൻ ശ്രമിക്കു ന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശി അമ്പിളി സന്തോഷാണ് (സന്തോഷ്കുമാർ -50) പിടിയിലായത്. ശനിയാഴ്ച പുലർച്ച ഒരുമണിയോടെ കൃഷ്ണപുരം കാപ്പിൽ കുറ്റിപ്പുറം ഭാഗത്തുനിന്നാണ് പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ തുണിക്കടക്ക് മുന്നിൽ നിൽക്കുന്നതുകണ്ട് നടത്തിയ ചോദ്യംചെയ്യലാണ് സന്തോഷിനെ കുടുക്കിയത്. രണ്ടാഴ്ചയായി ഇയാൾ ഈ മേഖലയിൽ മോഷണം നടത്തിവരുകയായിരുന്നു. ഒരാഴ്ച മുമ്പ് ഇലിപ്പക്കുളം കിണറുമുക്കിന് സമീപം ഞക്കനാൽ ചെറുതിട്ടയിൽ ധർമദാസിൻെറ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയതടക്കം നിരവധി മോഷണമാണ് സമീപസമയത്ത് ഇയാൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രയാർ ജങ്ഷന് സമീപമുള്ള ഫ്ലവർ മില്ല് കുത്തിത്തുറന്ന് 18,000 രൂപ കവർന്നതും ഒരാഴ്ചമുമ്പ് മണക്കാട് പോസ്റ്റ് ഓഫിസ് കുത്തിത്തുറന്ന് മോഷണശ്രമവും കടകൾ കുത്തിത്തുറന്ന് ലാപ്ടോപ് മോഷ്ടിച്ചതും ഇയാളാണെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. മോഷണക്കേസുകളിലെ പ്രതിയായ കാപ്പിൽ സ്വദേശി ഉണ്ണിക്കുട്ടനായിരുന്നു സഹായി. ഇയാളുടെ വീട്ടിൽ താമസിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. ഒളിവിൽ പോയ ഉണ്ണിക്കുട്ടനായി അന്വേഷണം നടക്കുന്നു. വിവിധ ജില്ലകളിൽ സന്തോഷിനെതിരെ മോഷണക്കേസുകളുണ്ട്. കുപ്രസിദ്ധ മോഷ്ടാക്കളായ മൊട്ട ജോസ്, ഹസൻ എന്നിവരുടെ കൂട്ടാളിയായ സന്തോഷ് എട്ട് മാസംമുമ്പാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയത്. എസ്.െഎ സുനുമോൻെറ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് പിടികൂടിയത്. എ.എസ്.ഐ ഇല്യാസ്, സിവിൽ പൊലീസ് ഒാഫിസർമാരായ സന്തോഷ്, മുഹമ്മദ് ഷാഫി, രാജേഷ് നായർ, സുനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.