'തൊഴിലിടങ്ങളിൽ മുലയൂട്ടൽ സൗകര്യം' ആവശ്യം തൊഴിൽ നിയമമാക്കാൻ സർക്കാർ തീരുമാനം

കൊച്ചി: തൊഴിലിടങ്ങളിൽ അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാൻ സൗകര്യമൊരുക്കേണ്ടത് തൊഴിൽ നിയമത്തിൻെറ ഭാഗമാക്ക ാൻ തീരുമാനം. പല മേഖലകളിലും തൊഴിലെടുക്കുന്ന അമ്മമാർക്ക് യഥാസമയം കുഞ്ഞുങ്ങളെ മുലയൂട്ടാൻ സാധിക്കാറില്ല. ഇത് ഗൗരവമായി കണ്ടാണ് മുലയൂട്ടാൻ സൗകര്യമൊരുക്കൽ തൊഴിൽ നിയമത്തിൻെറ ഭാഗമാക്കുന്നത്. ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ആരോഗ്യകേരളം, നാഷനൽ നിയോനാറ്റോളജി ഫോറം, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് തുടങ്ങിയ സംഘടനകൾ ഈ ആവശ്യവുമായി കാലങ്ങളായി രംഗത്തുണ്ട്. തൊഴിലിടങ്ങള്‍ കൂടുതല്‍ മാതൃ-ശിശു സൗഹൃദപരമാകണമെന്ന് നിർദേശമുണ്ടെങ്കിലും പല സ്ഥാപനങ്ങളും സൗകര്യം ഒരുക്കാറില്ല. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 14 ആഴ്ചയെങ്കിലും ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്നും മുലയൂട്ടുന്ന അമ്മമാര്‍ക്ക് ജോലിസമയം കുറച്ചുനല്‍കണമെന്നുമാണ് ചട്ടം. മുലയൂട്ടാൻ ഇവർക്ക് നഴ്‌സിങ് ബ്രേക്ക് അനുവദിക്കണമെന്നും വ്യവസ്ഥയുണ്ട്. മാതൃത്വ സംരക്ഷണത്തിനായുള്ള ഇൻറർനാഷനൻ ലേബർ ഓർഗനൈസേഷൻ (ഐ.എല്‍.ഒ) ഉടമ്പടി ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. കുഞ്ഞുങ്ങളെ നോക്കാൻ തൊഴില്‍സ്ഥലങ്ങളില്‍ ക്രഷ് ഏര്‍പ്പെടുത്തണമെന്നും ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സ്വകാര്യത ഉറപ്പാക്കി മുലയൂട്ടല്‍ മുറികള്‍ വ്യാപകമാക്കണമെന്നും നിർദേശമുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് ആറുമാസം പ്രസവാവധി ലഭ്യമാക്കുന്നത് കുഞ്ഞിന് മുലപ്പാല്‍ കിട്ടാന്‍ സഹായകമാണ്. എന്നാല്‍, രാജ്യത്ത് 90 ശതമാനം പേരും ജോലിചെയ്യുന്നത് അസംഘടിത മേഖലയിലാണ്. അവിടെ പലപ്പോഴും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 14 ആഴ്ച അവധി ലഭിക്കാറില്ല. ഇതുമൂലം ആറുമാസക്കാലം കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ അമ്മമാര്‍ക്ക് കഴിയാറില്ല. ഇത് പരിഹരിക്കുകയാണ് കേരളത്തിൻെറ ലക്ഷ്യം. അതിലേക്കായാണ് പുതിയ നിയമപരിരക്ഷ സർക്കാർ കൊണ്ടുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.