മൂവാറ്റുപുഴ: പൊലീസ് മേധാവി എന്തുപറഞ്ഞാലും മുഖ്യമന്ത്രിയിലും സർക്കാറിലും വിശ്വാസമുെണ്ടന്ന് എൽദോ എബ്രഹാം എം .എൽ.എ. കൊച്ചിയിൽ നടന്ന ലാത്തിച്ചാർജിൽ എം.എൽ.എ അടക്കമുള്ളവർക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനാവില്ലന്ന ഡി.ജി.പിയുടെ റിപ്പോർട്ട് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ''നെടുങ്കണ്ടം, വരാപ്പുഴ വിഷയങ്ങളിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ ഡി.ജി.പി ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന് അങ്ങനെ പ്രതികരിക്കാനേ കഴിയൂ. അത് ആ നിലക്ക് മാത്രമേ കാണുന്നുള്ളൂ. ഡി.ജി.പി ഓഫിസ് മാർച്ചിനിടെ സി.പി.ഐ നേതാക്കൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് കലക്ടർ നൽകിയ റിപ്പോർട്ടിൽ ഹോം സെക്രട്ടറി നടപടി വൈകിപ്പിക്കുന്നതിൽ നിരാശയും രോഷവുമുണ്ട്. 18 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് ഹോം സെക്രട്ടറിയുടെ മേശപ്പുറത്തിരിക്കുകയാണ്. പതിനായിരം പേജുള്ള റിപ്പോർട്ടൊന്നുമല്ല കലക്ടർ നൽകിയത്. ഇത്ര ദിവസമായിട്ടും റിപ്പോർട്ടിൽ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നത് ന്യായീകരിക്കാന്‍ കഴിയില്ല'' -എം.എൽ.എ പറഞ്ഞു. അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന ഡി.ജി.പിയുടെ നിലപാട് ന്യായീകരിക്കാനാകാത്തതാണ്. സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽപോലും നടപടി വൈകുന്നതിലാണ് വിഷമം. എന്നാൽ, സർക്കാറിൽ പൂർണവിശ്വാസമുണ്ട്. കാലതാമസം കൂടാതെ നടപടികളുണ്ടാകുമെന്നാണ് കരുതുന്നതെന്നും എൽദോ എബ്രഹാം പറഞ്ഞു. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ കൈയിലെ പ്ലാസ്റ്റർ വെട്ടിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.