കൊച്ചി: വിവാഹാഭ്യർഥന നിരസിച്ച യുവതിക്കുനേരെ അതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ. പച്ചാളം സ്വദേശിയായ 23കാരിയെ തടഞ്ഞുനിർത്തി ദേേഹാപദ്രവം ഏൽപിക്കുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത കേസിൽ തൃപ്പൂണിത്തുറ സ്വദേശി ചന്ദ്രനാണ് (48) എറണാകുളം നോർത്ത് പൊലീസിൻെറ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയണ് സംഭവം. യുവതി ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ പച്ചാളം പാലത്തിനടിയിൽ കാത്തുനിന്ന ചന്ദ്രൻ യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യർഥിച്ചു. പറ്റില്ലെന്ന് മറുപടി പറഞ്ഞപ്പോൾ കടന്നുപിടിച്ച് അതിക്രമം നടത്തുകയായിരുന്നു. പ്രതി കൊച്ചിൻ കോർപറേഷനിലെ മാലിന്യം ശേഖരിക്കുന്ന തൊഴിലാളിയാണ്. മൂന്നുവർഷം മുമ്പാണ് പ്രതി ചന്ദ്രൻ മാലിന്യം ശേഖരിക്കാൻ യുവതിയുടെ വീട്ടിലെത്തിയത്. പിന്നീട് താൻ വിവാഹിതനല്ലെന്നും വിവാഹം കഴിക്കണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. അഭ്യർഥന നിരസിച്ച യുവതി വീട്ടിൽനിന്ന് മാലിന്യം നീക്കുന്ന ജോലി മറ്റൊരാളെ ഏൽപിക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ നോർത്ത് ഇൻസ്പെക്ടർ സിബി ടോമിൻെറ നേതൃത്വത്തിൽ എസ്.ഐ വി.ബി. അനസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.