ഓപറേഷൻ സാഗർറാണി: രാസവസ്​തു കലർത്തിയ മത്സ്യങ്ങൾ പിടികൂടി

ചെങ്ങന്നൂർ: ഭക്ഷ്യവകുപ്പിൻെറ ഓപറേഷൻ സാഗർറാണി പദ്ധതിപ്രകാരം ജില്ലയിലെ മത്സ്യമാർക്കറ്റുകളിൽ നടത്തിയ റെയ്ഡിൽ പഴകിയതും രാസവസ്തു കലർത്തിയതുമായ മത്സ്യങ്ങൾ പിടികൂടി. ചൊവ്വാഴ്ച പുലർച്ച നാലുമുതൽ ചെങ്ങന്നൂർ, കൊല്ലകടവ്, കായംകുളം എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. ചെറിയനാട് കൊല്ലകടവിൽ മത്സ്യം കയറ്റിവന്ന 25 വാഹനങ്ങൾ പരിശോധിക്കുകയും പഴകിയ 150 കിലോ മത്തി നശിപ്പിക്കുകയും ചെയ്തു. എന്നാൽ, പരിശോധനകളിൽ ഫോർമാലിൻ, അമോണിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. സാംപിളുകൾ പരിശോധനക്ക് തിരുവനന്തപുരം ഗവ. ലാബിൽ എത്തിച്ചു. പരിശോധനക്ക് ഫുഡ് സേഫ്റ്റി ഓഫിസർമാരായ എ.എ. അനസ്, ജി. ശ്രീകുമാർ, ആർ. അരുൺകുമാർ, രാജേന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എൻ. സുരേഷ്‌കുമാർ, സന്തോഷ്‌കുമാർ, ജലകൃഷ്ണൻ, ഫിഷറീസ് ഇൻസ്‌പെക്ടർമാരായ ദീപു, കമലേഷ് എന്നിവർ നേതൃത്വം നൽകി. കായംകുളത്തുനിന്ന് 1500 കി.ഗ്രാം പഴകിയ മത്സ്യം പിടികൂടി. കമീഷൻ ഏജൻസീസ് ഷഹീദാർ മസ്ജിദിന് സമീപം നടത്തുന്ന മൊത്തക്കച്ചവട കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് ഉപയോഗശൂന്യമായ മത്സ്യം കണ്ടെത്തിയത്. ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന കേര, ചൂര മീനുകൾക്ക് രണ്ടാഴ്ചയിലേറെ പഴക്കമാണ് ഉണ്ടായിരുന്നത്. പിടികൂടിയ മത്സ്യങ്ങൾ അണുനാശിനിയും മറ്റും ഒഴിച്ച് നശിപ്പിച്ചശേഷം കുഴിച്ചുമൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.