11 വോട്ടും ഒരു 'സെവൻ ഓ ക്ലോക് ബ്ലേഡും'

11 വോട്ടും ഒരു ബ്ലേഡും (വോട്ടുവിശേഷം) സിപ്പി പള്ളിപ്പുറം (ബാലസാഹിത്യകാരൻ) വീറും വാശിയും നിറഞ്ഞ 50കളിലെ പഞ്ചായത്ത ് തെരഞ്ഞെടുപ്പുകാലം. ഞാൻ അന്ന് ഹൈസ്കൂളിലേക്ക് പ്രവേശിച്ചിട്ടുണ്ടാകണം. നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നടക്കുന്നു. പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാർഡിലേക്ക് പ്രചാരണം പൊടിപൊടിക്കുകയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്നീ പാർട്ടികൾ തമ്മിലായിരുന്നു പ്രധാന പോരാട്ടം. കോൺഗ്രസിന് നുകം വെച്ച ഇരട്ടക്കാളകൾ, കമ്യൂണിസ്റ്റുകാർക്ക് അരിവാൾ നെൽക്കതിർ, പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്ക് കുടിൽ എന്നിവയായിരുന്നു ചിഹ്നങ്ങൾ. സ്വതന്ത്ര സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്. പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാർഡിൽ അന്ന് മൂന്ന് പ്രബല സ്ഥാനാർഥികൾ തമ്മിലായിരുന്നു പ്രധാന മത്സരം. പി.മാധവൻ നായർ (കോൺഗ്രസ്) , പി.ജെ. ആൻഡ്രൂസ് (കമ്യൂണിസ്റ്റ് പാർട്ടി), പൗലോസ് മൂന്നുവേലിൽ (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) എന്നിവർ തമ്മിലായിരുന്നു ആ വാശിയേറിയ പോരാട്ടം. സന്ധ്യ മയങ്ങിയാൽ എല്ലാ ദിവസവും ഓരോ പ്രദേശത്തേക്കും ഇവരുടെ ജാഥ നടക്കും. വെള്ളത്തുണിയടിച്ച് ചിഹ്നം വരച്ച ഒരു പെട്ടി തലയിൽവെച്ച് പെട്രോമാക്സുമായി ഒരാൾ ജാഥയുടെ മുന്നിലുണ്ടാകും. ജാഥയിൽ പങ്കെടുക്കാൻ വരുന്നവർക്ക് കുശാലാണ്. ചായയും പലഹാരവും വേണ്ടവർക്ക് അത് വയറുനിറയെ കിട്ടും. മദ്യവും ഇറച്ചിക്കറിയും വേണ്ടവർക്ക് അതും. ചില വിരുതന്മാർ ഇതൊന്നും കഴിക്കാതെ അതിനുള്ള തുക കൃത്യമായി വാങ്ങും. ചെലവെല്ലാം അതത് സ്ഥാനാർഥിയുടെ വക. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ജാഥകളിൽ ആളുകൾ കൂടിക്കൂടി വന്നു. കോൺഗ്രസുകാരൻ പി.മാധവൻ നായർ സർവിസിൽനിന്ന് വിരമിച്ച അധ്യാപകനാണ്. പി.ജെ. ആൻഡ്രൂസ് അന്നത്തെ യുവാക്കളുടെ ഹരംപകരുന്ന നേതാവുമാണ്. പൗലോസ് മൂന്നുവേലിലാകട്ടെ കച്ചവടവും ബാങ്കിങുമൊക്കെയായി എല്ലാവർക്കും സുപരിചിതൻ. പൗലോസ് േചട്ടനെന്നാണ് എല്ലാവരും അദ്ദേഹത്തെ നാട്ടിലുള്ളവർ സ്നേഹത്തോടെ വിളിച്ചിരുന്നത്. താടിവളർത്തിയ ഒരു സുമുഖനായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ ആളുകൾ നിത്യേന പങ്കെടുത്തിരുന്നത് പൗലോസ് ചേട്ടൻെറ ജാഥയിലായിരുന്നു. അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. അന്ന് ഓരോ സ്ഥാനാർഥിക്കും അതത് പാർട്ടികളെ പ്രതിനിധാനംചെയ്യുന്ന ചിഹ്നം അടങ്ങുന്ന പെട്ടികളാണുള്ളത്. അതിലാണ് വോട്ടിടേണ്ടത്. ഫലം വന്നപ്പോൾ പി.മാധവൻനായർ 51വോട്ടിൻെറ ഭൂരിപക്ഷത്തിന് ജയിച്ചു. പി.ജെ. ആൻഡ്രൂസിനായിരുന്നു രണ്ടാംസ്ഥാനം. പൗലോസ് ചേട്ടൻെറ കുടിൽ പെട്ടിക്ക് 11 വോട്ടും ഒരു സെവൻ ഓ ക്ലോക് ബ്ലേഡുമാണ് കിട്ടിയത്. പൗലോസ് ചേട്ടൻ ഇനി താടി വടിച്ച് നടക്കട്ടെ എന്ന് കരുതി ഏതോ രസികൻ പെട്ടിയിലിട്ടതായിരുന്നു ആ ബ്ലേഡ്. ഓർമയിലെന്നും ചിരിയുണർത്തുന്ന ഒരു തെരഞ്ഞെടുപ്പ് കാലമായിരുന്നു അത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.