പി.എം കിസാൻ പദ്ധതി: വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടി -കൃഷിവകുപ്പ് ആറാട്ടുപുഴ: പ്രതിവർഷം 6000 രൂപ കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ വഴി തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് അറിയിച്ചു. ഇത്തരം സന്ദേശങ്ങൾ പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായി. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന ഉത്തരവുകളും മാർഗനിർദേശങ്ങളും അനുസരിച്ച് മാത്രമേ ഉദ്യോഗസ്ഥർ തീരുമാനം എടുക്കാൻ പാടുള്ളൂ എന്നും സർക്കുലറിൽ പറയുന്നു. പദ്ധതിയിൽ ചേരുന്നവർ കൃഷിഭൂമിയായി കാണിച്ചുകൊണ്ടുനൽകുന്ന ഭൂമിയിൽ പിന്നീട് നിർമാണ പ്രവർത്തനങ്ങൾ സാധ്യമല്ലെന്നും കൃഷിഭൂമിയുടെ പട്ടികയിലേക്ക് ഇത് ചേർക്കപ്പെടുമെന്നുമുള്ള പ്രചാരണമാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത് വിശ്വസിച്ച് പദ്ധതിയിൽ ചേർന്ന പലരും തങ്ങളെ പദ്ധതിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി ഉദ്യോഗസ്ഥരെ സമീപിക്കുകയാണ്. നൂറുകണക്കിനുപേർ വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് പദ്ധതിയിൽ ചേരാൻ മടിക്കുകയാണ്. പദ്ധതിയിൽ ചേർന്നവരുടെ അക്കൗണ്ടിലേക്ക് ആദ്യ ഗഡുവായ 2000 രൂപ ലഭിച്ച് തുടങ്ങിയതായി കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.