കാക്കനാട് കുന്നുംപുറത്ത് വനിതമിത്ര കേന്ദ്രവും ഷീ ലോഡ്ജും

കാക്കനാട്: ജില്ലയില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന സ്ത്രീകള്‍ക്ക് താമസ സൗകര്യമൊരുക്കാൻ തൃക്കാക്കര നഗരസഭ പരിധിയിലെ കുന്നുംപുറത്ത് സാമൂഹികനീതി വനിത ശിശുക്ഷേമ വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ വനിത മിത്ര കേന്ദ്രവും ഷീ ലോഡ്ജും സജ്ജമാകുന്നു. 13 കോടി ചെലവുവരുന്ന പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങള്‍ ഒഴിവാക്കാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും സ്ത്രീകളും പുരുഷന്മാരും ബോധവത്കരിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇത്രയും പരിഷ്‌കൃതമായ സമൂഹത്തില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് പൊറുക്കാനാവില്ല. കുഞ്ഞുങ്ങളെ ആക്രമിക്കുന്നവരെ ഉടനടി പിടികൂടാന്‍ സഹായിക്കുന്നതില്‍ ശിശു വികസന വകുപ്പ് സദാ ജാഗരൂകരാകണം. സ്ത്രീ ശാക്തീകരണം സര്‍ക്കാറി​െൻറ പ്രധാന ലക്ഷ്യമാണ്. സ്ത്രീകളെ സ്വയംപര്യാപ്തരാക്കണം. വിവാഹമോചനം, രോഗങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഒറ്റപ്പെട്ടു പോയ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജോലിയെടുക്കുന്ന സ്ത്രീകള്‍ക്ക് വിവിധ ജില്ലകളില്‍ സുരക്ഷിതവും ചെലവു കുറഞ്ഞതുമായ താമസസൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നവീന മാതൃകയിലാണ് വനിത മിത്ര കേന്ദ്രം എന്ന പേരില്‍ ഹോസ്റ്റലുകള്‍ നിര്‍മിക്കുന്നത്. ജോലി സംബന്ധമായോ വ്യക്തിപരമായോ ഉള്ള ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ചുരുങ്ങിയ കാലയളവിലേക്ക് കുറഞ്ഞ നിരക്കില്‍ സുരക്ഷിത താമസസൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ഷീ ലോഡ്ജ്. കുന്നുംപുറത്ത് വനിത വികസന കോർപറേഷ​െൻറ കൈവശത്തിലുള്ള ഒരേക്കര്‍ സ്ഥലത്താണ് ഒമ്പത് കോടി ചെലവില്‍ വനിത മിത്ര കേന്ദ്രവും നാലു കോടി ചെലവില്‍ ഷീ ലോഡ്ജും നിർമിക്കുന്നത്. വനിത മിത്ര കേന്ദ്രത്തില്‍ 60 വനിതകള്‍ക്കും ഷീ ലോഡ്ജില്‍ 30 വനിതകള്‍ക്കുമാണ് താമസ സൗകര്യം ഒരുക്കുക. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ആഭിമുഖ്യത്തിലാണ് വനിത മിത്ര കേന്ദ്രത്തി​െൻറ നിർമാണം. 18 മാസം കൊണ്ട് രണ്ട് പദ്ധതികളുടെയും നിർമാണം പൂര്‍ത്തിയാകും. വനിത വികസന കോര്‍പറേഷന്‍ ചെയര്‍ പേഴ്‌സൻ കെ.എസ്. സലീഖ അധ്യക്ഷയായി. മാനേജിങ് ഡയറക്ടര്‍ വി.സി. ബിന്ദു, കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സൻ എം.ടി. ഓമന, വനിത വികസന കോര്‍പറേഷന്‍ ഡയറക്ടര്‍മാരായ അന്നമ്മ പൗലോസ്, ടി.വി. മാധവിയമ്മ, കെ.എം. ലീലാമണി, തൃക്കാക്കര നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ സീന റഹ്മാന്‍, സാമൂഹികനീതി വകുപ്പ് അസി. ഡയറക്ടര്‍ പ്രീതി വില്‍സണ്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.എം. റജീന, വനിത വികസന കോര്‍പറേഷന്‍ മേഖല മാനേജര്‍ എം.ആര്‍. രംഗന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.