വ്യവസായവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ^മുഖ്യമന്ത്രി

വ്യവസായവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം -മുഖ്യമന്ത്രി കൊച്ചി: വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വീകരിക്കാനും വേഗത്തില്‍ പരിഹാരം കാണാനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായം തുടങ്ങാൻ അപേക്ഷ നല്‍കിയാലുള്ള തടസ്സങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്. അപേക്ഷകളില്‍ സമയബന്ധിതമായി തീരുമാനമുണ്ടാകും. വിവിധ അനുമതികള്‍ക്കുള്ള അപേക്ഷകളില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ കിട്ടിയതായി കണക്കാക്കുന്നതിന് ചട്ടം പരിഷ്‌കരിച്ചു കഴിഞ്ഞു. മാലിന്യ നിര്‍മാര്‍ജനം, ശുദ്ധജലം, വിഷരഹിതമായ ഭക്ഷണം എന്നിവയെല്ലാം വികസനത്തി​െൻറ ഭാഗമാണ്. പൊതുവിദ്യാഭ്യാസ രംഗത്തെന്നപോലെ ഉന്നത വിദ്യാഭ്യാസ രംഗത്തും സമൂലമായ അഴിച്ചുപണി വേണം. ആരോഗ്യരംഗത്ത് ആശുപത്രികളുടെ നിലവാരം ഉയര്‍ത്താന്‍ ആര്‍ദ്രം മിഷന്‍ വഴിയൊരുക്കി. കിടപ്പാടമില്ലാത്ത അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഭവനം ലക്ഷ്യമിടുന്നതാണ് ലൈഫ് മിഷന്‍. ദേശീയപാത ഉൾപ്പെടെ റോഡുകള്‍ വികസിപ്പിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരുന്നു. ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ കൂറ്റനാട് വരെ ഏകദേശം പൂര്‍ത്തിയായി. കൂടംകുളത്തുനിന്നുള്ള വൈദ്യുതി ലൈനും സമയബന്ധിതമായി പൂര്‍ത്തീകരിക്കും. തീരദേശ, മലയോര ഹൈവേകള്‍, കോവളം ബേക്കല്‍ ജലപാതകള്‍, ശബരി റെയില്‍ എന്നിവയും നടപ്പാക്കും. വികസനത്തിന് പണം പ്രശ്‌നമാകാതിരിക്കാനാണ് കിഫ്ബി രൂപവത്കരിച്ചത്. ഇൻറര്‍നെറ്റ് അവകാശമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ലൈബ്രറികളിലും പാര്‍ക്കുകളിലും സൗജന്യ വൈ ഫൈ ലഭ്യമാക്കും. ഐ.ടി മേഖല കൂടുതല്‍ ശക്തമാക്കും. ഇ ഗവേണന്‍സിലൂടെ ഭരണം കാര്യക്ഷമമാക്കും. നൂതനാശയങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ് മിഷനിലൂടെ പ്രോത്സാഹനം നല്‍കും. കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള അനുകൂലാന്തരീക്ഷത്തിന് പ്രചാരണം നല്‍കാനും നിക്ഷേപകരെ ആകര്‍ഷിക്കാനുമുള്ള അംബാസഡര്‍മാരാകാൻ വ്യവസായികള്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. കേരള ബ്രാന്‍ഡ് വികസിപ്പിക്കണം. ഐ.ടി മേഖലയില്‍ 100 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് സര്‍ക്കാര്‍ ലക്ഷ്യം. 45 ലക്ഷം ചതുരശ്രഅടി ലഭ്യമായി. കാക്കനാടിനെ സിലിക്കണ്‍ വാലി മാതൃകയില്‍ സൈബര്‍ വാലിയാക്കി വിപുലപ്പെടുത്തും. ചെറുപ്പക്കാര്‍ക്ക് നാട്ടില്‍ തൊഴില്‍ കണ്ടെത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.