കൊച്ചി: സമരം പിൻവലിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും ഗ്രാമീണ മേഖലയിലെ തപാൽ വിതരണം ഇനിയും പുനരാരംഭിക്കാനായില്ല. അതേസമയം, ആർ.എം.എസ് കേന്ദ്രീകരിച്ചുള്ള തപാൽ നീക്കം പൂർവസ്ഥിതിയിലായി തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ സമരം പിൻവലിച്ചതായി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും വിതരണം ഉടൻ പുനഃസ്ഥാപിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഗ്രാമീൺ ഡാക് സേവക്മാർ (ജി.ഡി.എസ്) സമരത്തിൽനിന്ന് പിൻമാറിയിട്ടില്ല. ഇവരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടാണ് സമരം ആരംഭിച്ചത്. ഇൗ സമരം തുടരുന്നതിനാൽ കേരളത്തിലെ ജി.ഡി.എസുകാരും ഉറച്ചു നിൽക്കുകയാണ്. ഇവർക്ക് പിന്തുണയുമായി സമരം ആരംഭിച്ച റഗുലർ ജീവനക്കാരാണ് ചർച്ചയെ തുടർന്ന് കേരളത്തിൽ സമരത്തിൽനിന്ന് പിൻമാറിയത്. കഴിഞ്ഞ ദിവസം ചീഫ് പി.എം.ജിയുടെ നിർദേശപ്രകാരം ഡയറക്ടര്‍ ഓഫ് പോസ്റ്റല്‍ സര്‍വിസസുമായി സംഘടന ഭാരവാഹികള്‍ നടത്തിയ ചർച്ചയെ തുടർന്നാണ് കേരളത്തിൽ സമരം പിൻവലിച്ചതായി പ്രഖ്യാപനമുണ്ടായത്. എറണാകുളം മേഖലക്ക് കീഴിൽ 73 ഗ്രാമീണ ശാഖ പോസ്റ്റ് ഒാഫിസുകളും ആലുവ റൂറലിൽ 175 ശാഖകളുമാണ് ഉള്ളത്. ഇൗ പോസ്റ്റ് ഒാഫിസുകളിൽ ജോലി ചെയ്യുന്ന 800ഒാളം ജീവനക്കാർ സമ്പൂർണമായും വിട്ടു നിൽക്കുകയാണ്. അതേസമയം, സോർട്ടിങ് കേന്ദ്രങ്ങളിലൂടെയുള്ള തപാൽ ഉരുപ്പടികളുടെ നീക്കം സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണ്. എറണാകുളം നഗരത്തിൽ അഞ്ച് സോർട്ടിങ് കേന്ദ്രങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.