കളിചിരികളുമായി അവരെത്തി; ഇനി അറിവിെൻറ ഉത്സവകാലം

കൊച്ചി: കുരുന്നു കൈകൾ ചായം നിറച്ച പാത്രത്തിൽ മുക്കിയെടുത്തപ്പോൾ ആ കണ്ണുകളിൽ ആദ്യം വിരിഞ്ഞത് ആശ്ചര്യമാണ്. പല വർണങ്ങൾ പതിഞ്ഞ കൈ ക്ലാസ് മുറിയിൽ സ്ഥാപിച്ച വെളുത്ത സ്ക്രീനിൽ പതിപ്പിക്കാൻ ടീച്ചർ പറഞ്ഞപ്പോൾ പുഞ്ചിരിയോടെ അവർ ചെയ്തു. വിവിധ നിറങ്ങളിൽ അഞ്ചുവിരലുകളുടെ അടയാളം ഭിത്തിയിൽ പതിഞ്ഞത് കൗതുകത്തോടെ വീക്ഷിച്ചു. ഒന്നാം ക്ലാസിലെ ആദ്യ ദിവസം ആഘോഷമാക്കാൻ സ്കൂൾ അധികൃതർ നിരവധി പരിപാടികളാണ് തയാറാക്കിയിരുന്നത്. മലയും പുഴയും കാടും കാട്ടാറും വരെ ദൃശ്യവത്കരിച്ച ക്ലാസ് മുറി. വർണക്കടലാസുകളിലും റിബണുകളിലും തീർത്ത അലങ്കാരങ്ങൾ. നിറപ്പകിട്ടാർന്ന ക്ലാസ്മുറിക്കകത്ത് വിടർന്ന് നിൽക്കുന്ന പൂവുകൾ. കുരുന്നു മനസ്സുകളെ ആകർഷിക്കാൻ തരത്തിലുള്ള എല്ലാ കാഴ്ചകളും ഇവിടെയുണ്ടായിരുന്നു. എറണാകുളം ഗവ.ഗേൾസ് എൽ.പി സ്കൂളിൽ പ്ലാവിലയിൽ പേരെഴുതിയ നെയിംബോർഡുകൾ ഓരോരുത്തരുടെയും ഉടുപ്പിൽ അധ്യാപകർ കുത്തിക്കൊടുത്തു. ബലൂണും മധുരപലഹാരങ്ങളും നൽകി എസ്.പി.സി, എൻ.സി.സി കേഡറ്റുകളുടെ അകമ്പടിയോടെ ഹാളിലേക്ക് രാജകീയ പ്രവേശം. ഗ്രീൻപ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു പരിപാടികളെല്ലാം. മിനിറ്റുകൾക്കകം എല്ലാവരും തമ്മിൽ പെട്ടെന്ന് കൂട്ടായി. പിന്നെ പറയാൻ നിരവധി കഥകൾ. സംസാരത്തിലും കളിയിലും മുഴുകിയിരുന്ന കുരുന്നുകളോട് ഹലോ... ഹലോ... ഹലോ... എല്ലാവരും ഒന്ന് ശ്രദ്ധിക്കൂ എന്നുപറഞ്ഞ് കളിയിൽ നിന്ന് ശ്രദ്ധതിരിപ്പിക്കാൻ ഉദ്ഘാടകയുടെ ശ്രമം. വിളികേട്ട ഉടൻ തിരിഞ്ഞിരുന്ന് ഹലോ എന്ന് തിരിച്ചൊരു മറുപടിയും കൊടുത്തു കൂട്ടുകാർ. പ്രവേശനഗാനം സദസ്സിലുയർന്നപ്പോൾ കൈയടികളുമായി ഏതാനും കുരുന്നുകൾ ചാടി സ്റ്റേജിൽ കയറി. ആവേശത്തോടെ കൈയടിച്ച് പാട്ടുപാടി സദസ്സിലിരുന്ന കൂട്ടുകാരെയും സ്റ്റേജിലേക്ക് വിളിച്ചുവരുത്തി. പരിപാടികൾ അവസാനിച്ചപ്പോൾ മുതിർന്ന ക്ലാസിലെ ചേച്ചിമാരുടെ കൈകൾ പിടിച്ച് ക്ലാസ്മുറിയിലേക്ക്. പ്രൊജക്ടർ അടക്കമുള്ള സംവിധാനങ്ങളും അധ്യാപകരുടെ സ്നേഹത്തോടെയുള്ള സ്വീകരണവും ഇഷ്ടപ്പെട്ടെങ്കിലും അമ്മമാരെ കാണാതായതോടെ ചിലർ വിങ്ങിപ്പൊട്ടി തുടങ്ങി. അപ്പോൾ തന്നെ കൂടെയിരുന്ന കൂട്ടുകാരുടെ ഇടപെടൽ. 'കരയാതെടാ നമുക്ക് ഇനി തകർക്കാം' എന്ന് വാക്കും കൊടുത്തു. ഒരുമിച്ച് പാട്ടുപാടിയും മധുരപലഹാരങ്ങൾ നുണഞ്ഞും ആദ്യ ദിവസം ആഘോഷമാക്കുകയായിരുന്നു കുരുന്നുകൾ. റിട്ട.ജസ്റ്റിസ് കെ.കെ. ഉഷയാണ് ഗവ.ഗേൾസ് എൽ.പി.എസിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.പി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എറണാകുളം ഉപജില്ലതല പ്രവേശനോത്സവം ഉദ്ഘാടനം വെണ്ണല ജി.എൽ.പി സ്കൂളിൽ പി.ടി. തോമസ് എം.എൽ.എ നിർവഹിച്ചു. സ​െൻറ്.ആൽബർട്ട്സ് സ്കൂളിൽ ജില്ല പൊലീസ് മേധാവി എം.പി. ദിനേശാണ് പരിപാടികൾ ഉദ്ഘാടനം ചെയ്തത്. എസ്.ആർ.വി എൽ.പി.എസിലെ പരിപാടികളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻറ് രാജു വാഴക്കാല ഉദ്ഘാടനം ചെയ്തു. എറണാകുളം സ​െൻറ് മേരീസ് കോണ്‍വ​െൻറ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.