ആലുവ: ഒരു സംഘം തട്ടിക്കൊണ്ടുപോയ യുവതിയെ രണ്ട് മണിക്കൂറിനുള്ളില്‍ പൊലീസ് മോചിപ്പിച്ചു. ആലുവയില്‍ വെള്ളിയാഴ്ച വൈകീട്ട് 3.15ഒാടെയാണ് സംഭവം. ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേരെ അറസ്‌റ്റ് ചെയ്തു. എടത്തല ശാന്തിഗിരി ആശ്രമത്തിന് സമീപം ഭർത്താവിനൊപ്പം താമസിക്കുന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. വടക്കേക്കര വാഴക്കുളം കിഴക്കേപ്പുര ഷിജി (35), പേങ്ങാട്ടുശ്ശേരി സെയ്തുകുടി വീട് മുക്താര്‍ (22), എടത്തല പാലോളി വീട് പോത്ത് തൗഫീക്ക് എന്ന തൗഫീക്ക് (22) എന്നിവരാണ് അറസ്റ്റിലായത്. വാഹനം കണ്ടെടുക്കാനുണ്ടെന്ന് സി.ഐ. പറഞ്ഞു. രണ്ട് മാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം. ബന്ധുവിനെ ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പ്രതികളിലൊരാൾ വിളിച്ചുപറഞ്ഞതിനെ തുടർന്ന് ഭർതൃ സഹോദരനും ഭാര്യക്കുമൊപ്പം ആശുപത്രിയിലെത്തിയ യുവതി പുറത്ത് സംസാരിച്ചു നില്‍ക്കവെ ഷിജി കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടന്‍ പൊലീസിനെ അറിയിച്ചു. തൗഫീക്കാണ് മാരുതി റിറ്റ്‌സ് കാര്‍ ഓടിച്ചിരുന്നത്. വഴിക്ക് വെച്ചാണ് മുക്താര്‍ കാറില്‍ കയറിയത്. പൊലീസ് പിന്നാലെയുണ്ടെന്ന് അറിഞ്ഞതോടെ വാഹനം തിരിക്കുകയും മുക്താറിനെയും യുവതിയെയും എടത്തലയിൽ ഇറക്കിവിടുകയും ചെയ്തു. ഇവരെ പൊലീസ് കണ്ടെത്തി സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നു. തൗഫീക്കിനെ എടയപ്പുറത്തുനിന്ന് പിടികൂടി. വാഴക്കുളത്തെ വീട്ടില്‍ നിന്നാണ് ഷിജിയെ അറസ്‌റ്റ് ചെയ്തത്. ടിപ്പര്‍ ലോറി ഡ്രൈവറാണ് മുക്താര്‍. തൗഫീക്ക് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. യുവതിയെ ദേഹോപദ്രവം ഏല്‍പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരെയും ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ആലുവ ഡിവൈ.എസ്.പി. കെ.ബി. പ്രഫുലചന്ദ്രന്‍, സി.ഐ. വിശാല്‍ ജോണ്‍സണ്‍, എസ്.ഐ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.