കൊച്ചി: വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ ഫലപ്രദമായി ഏകോപിപ്പിച്ച് ഭവനനിർമാണ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് കെ.വി. തോമസ് എം.പി. ഗവ. ഗസ്റ്റ്ഹൗസിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ല വികസന കോഒാഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഭവനപദ്ധതികള്‍ ഫലപ്രദമായി ക്രോഡീകരിച്ച് പൊതുമേഖല സ്ഥാപനങ്ങളുടെ സാമൂഹികപ്രതിബദ്ധത ഫണ്ട് ഉള്‍പ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി നഗരസഭയിലെ വിവിധ കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കണം. പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ എം.എൽ.എമാരും മേയറും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട യോഗം വിളിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. സ്മാര്‍ട്ട്സിറ്റി പദ്ധതി നടത്തിപ്പുമായും ബന്ധപ്പെട്ട യോഗം വിളിക്കും. സന്‍സദ് ആദര്‍ശ് ഗ്രാമയോജന (സാഗി) പദ്ധതിയില്‍ ചേരാനല്ലൂര്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനം ആഗസ്റ്റ് ആറിന് ഗവര്‍ണര്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കോട്ടുവള്ളി, കുന്നുകര പഞ്ചായത്തുകളിലാണ് നിലവില്‍ സാഗി പദ്ധതി നടപ്പാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കിടപ്പുരോഗികളുടെ പട്ടിക തയാറാക്കി നൽകിയാല്‍ അധികൃതര്‍ വീടുകളിലെത്തി കിടപ്പുരോഗികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് നടപടികളെടുക്കുമെന്ന് അക്ഷയ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷം ജൂണ്‍ 30 വരെ 41,001 കുടുംബങ്ങള്‍ക്ക് 5,57,690 തൊഴില്‍ദിനങ്ങള്‍ നല്‍കാന്‍ സാധിച്ചുവെന്ന് പി.എ.യു പ്രോഗ്രാം കോഒാഡിനേറ്റര്‍ അറിയിച്ചു. കെ.ജെ. മാക്‌സി എം.എല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്മാര്‍, ബ്ലോക്കുപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍, ദിശ കോഓഡിനേറ്റര്‍ കെ.ജി. തിലകന്‍, അസി. ഡെവലപ്മെൻറ് കമീഷണര്‍ എസ്. ശ്യാമലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.