കൊച്ചി: ടൂറിസം മേഖലയിൽ കലാകാരന്മാർ, തൊഴിലാളികൾ, സംരംഭകർ എന്നിവരെ ഒരുകുടക്കീഴിൽ അണിനിരത്തി ഓൺലൈൻ പോർട്ടലുകൾ വരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷനാണ് (ആർ.ടി മിഷൻ) കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ജനകീയമാക്കുന്ന പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. മൂന്ന് ഓൺലൈൻ പോർട്ടൽ വഴി വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളുടെയും കലാകാരന്മാരുടെയും സംരംഭകരുടെയും മുഴുവൻ വിവരങ്ങളും ലഭ്യമാക്കും. ഇതിന് ടൂറിസം പ്രമോഷൻ കൗൺസിൽ സഹകരണത്തോടെ ഓരോ ജില്ലയിലും വിവരശേഖരം തുടങ്ങി. പോർട്ടൽ 1. തൊഴിലാളികൾക്ക് നേരിട്ട് പേര് രജിസ്റ്റർ ചെയ്യാൻ അവസരം. എന്നാൽ, കൃത്യമായ അന്വേഷണം നടത്തിയശേഷം മാത്രമേ വിവരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കൂ. രണ്ടുമാസത്തിനകം ഈ പോർട്ടൽ പ്രവർത്തനം ആരംഭിക്കും. പോർട്ടൽ 2. കേരളത്തിലെ പരമ്പരാഗത, നാടോടി കലാകാരന്മാർ, നൃത്തം, നാടകം, നൃത്തം, കളരി മേഖലയിലുള്ളവർ എന്നിവരെ ഉൾപ്പെടുത്തിയാണ് ഇത് തയാറാക്കുക. വ്യക്തിഗത വിവരങ്ങളോടൊപ്പം നൃത്തങ്ങളുടെ വിഡിയോ, ഫോട്ടോ എന്നിവയും അപ്ലോഡ് ചെയ്യാം. കേരളത്തിലെ അറുനൂറോളം കലാകാരന്മാരുടെ വിവരങ്ങൾ ജില്ല കോഒാഡിനേറ്റർമാർ വഴി ശേഖരിച്ചു കഴിഞ്ഞു. വിനോദസഞ്ചാരികൾക്കും മറ്റും ഇവരെ നേരിട്ട് ബന്ധപ്പെടാൻ സാധിക്കും. പോർട്ടൽ 3. പേപ്പർ ബാഗ്, കരകൗശലവസ്തുക്കൾ തുടങ്ങിയവ നിർമിക്കുന്ന ചെറുകിട സംരംഭകർക്ക് ഓൺലൈൻ വിപണനത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കാൻ സഹായിക്കുന്നതാണ് മൂന്നാമത്തെ പോർട്ടൽ. സംസ്ഥാനത്തിെൻറ ഏത് ഭാഗത്തുള്ള ചെറുകിട യൂനിറ്റുകൾക്കും പേര് രജിസ്റ്റർ ചെയ്യാം. ആവശ്യക്കാർക്ക് ഇതുവഴി ഉൽപാദകരെ നേരിട്ട് ബന്ധപ്പെടാം. പണമിടപാടിലോ കച്ചവടത്തിലോ ആർ.ടി മിഷൻ ഇടപെടില്ല. ജൂലൈ അവസാനത്തോടെ രണ്ടു പോർട്ടലുകൾ പ്രകാശനം ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഒാഡിനേറ്റർ കെ. രൂപേഷ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. കേരളത്തിലെ ടൂറിസം മേഖലയെ കൂടുതൽ ജനകീയമാക്കുന്നതോടൊപ്പം കുറേപേർക്ക് സ്വന്തമായുള്ള വരുമാനമാർഗം കണ്ടെത്താനുള്ള വേദി ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. പി. ലിസി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.