എം.ഇ.എസ് ജാറം റോഡിലെ കനാൽ പാലം അപകടാവസ്‌ഥയിൽ

ആലുവ: കാലപ്പഴക്കമുള്ള കനാൽ പാലം പുനർനിർമിക്കണമെന്ന് ആവശ്യമുയരുന്നു. പെരുമ്പാവൂർ പ്രൈവറ്റ് റോഡിൽ എം.ഇ.എസ് ജാറം റോഡിലെ കനാൽ പാലമാണ് അപകടാവസ്‌ഥയിൽ. എം.ഇ.എസ് വ്യവസായ മേഖലയിലെ കമ്പനികളിലേക്കും എടത്തല, പൂക്കാട്ടുപടി തുടങ്ങി നിരവധി സ്‌ഥലങ്ങളിലേക്കും നിത്യേന നൂറുകണക്കിന് ചരക്കുവാഹനങ്ങളും മറ്റു ചെറുവാഹനങ്ങളും ഈ പാലം വഴിയാണ് കടന്നു പോകുന്നത്. പാലത്തി‍​െൻറ കൈവരികൾ തകർന്നിരിക്കുന്നു. പരിസരമാകെ കാടുകയറി. കാൽനട യാത്രക്കാർക്ക് പോലും പാലംവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്‌ഥയാണ്. ഭാരവാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന പാലം തകരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എടത്തല പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നികുതി കിട്ടുന്നത് ഇവിടത്തെ വ്യവസായ മേഖലയിൽ നിന്നാണ്. എന്നിട്ടും വ്യവസായ മേഖലക്കും നാട്ടുകാർക്കും മറ്റ് യാത്രക്കാർക്കും ഏറെ ഉപകാരപ്പെടുന്ന ഈ പാലം പുനർനിർമിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മുമ്പ് ഈ പാലത്തിൽനിന്നും വാഹനങ്ങൾ കനാലിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഇതേതുടർന്ന് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പലപ്രാവശ്യം വാർഡ്‌ അംഗം ഉൾപ്പെടെയുള്ളവരോട് നേരിട്ട് വിഷയത്തി‍​െൻറ ഗൗരവം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് പി.സി.എഫ് മുൻ ജില്ല സെക്രട്ടറിയും പരിസരവാസിയുമായ മുഹമ്മദാലി പേങ്ങാട്ടുശ്ശേരി പറയുന്നു. പാലത്തി‍​െൻറ കൈവരി പുനഃസ്‌ഥാപിക്കാനോ കാടുകൾ വെട്ടിത്തെളിച്ച് താൽക്കാലിക യാത്രാ സൗകര്യം ഒരുക്കുവാനോപോലും തയാറായിട്ടില്ലെന്നത് പ്രതിഷേധാർഹമാണ്. കാലപ്പഴക്കം കാരണം തകർച്ചയിലായ പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്നും വലിയ അപകടത്തിൽനിന്ന് നാടിനെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാട്ടുകാർ പാലം ഉപരോധം ഉൾപ്പെടെ ശക്തമായ പ്രതിഷേധം സംഘടിക്കാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.