കാലടി: അയ്യമ്പുഴയിൽ അതിർത്തി തർക്കത്തെ തുടർന്ന് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കൊല്ലങ്കോട് ഉപ്പുകല്ല് സ്വദേശി കാളാംപറമ്പൻ വീട്ടിൽ പൗലോയുടെ മകൻ ജോസാണ് (72 ) മരിച്ചത്. അയൽവാസികളായ കിലുക്കൻ വീട്ടിൽ ജോസ് (42), സഹോദരൻ ദേവസിക്കുട്ടി (48) എന്നിവരെ അയ്യമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 9.30 നാണ് സംഭവം. ഇരുവരുടെയും വീടിന് സമീപമുള്ള സ്ഥലത്തുണ്ടായിരുന്ന അതിർത്തി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കം വാക്കേറ്റമായപ്പോൾ ജോസും ദേവസിക്കുട്ടിയും ചേർന്ന് കാളാംപറമ്പൻ ജോസിനെ തള്ളി. തുടർന്ന് കിലുക്കൻ ജോസ് മരച്ചീനിയുടെ തണ്ടുകൊണ്ട് തലക്കടിച്ചതായും പൊലീസ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ കാളാംപറമ്പൻ ജോസിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ 9.30 ഓടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ബുധനാഴ്ച രാവിലെ 11.00 ന് കൊല്ലംങ്കോട് ഇൻഫൻറ് ജീസസ് പള്ളിയിൽ നടക്കും. ഭാര്യ: കുഞ്ഞാമ്മ, മക്കൾ: പോളി, മേഴ്സി. മരുമക്കൾ. ഷീല, ജോയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.