കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ഇടപാടിൽ ചുക്കാൻ പിടിച്ച സാജു വർഗീസ് കുന്നേലിനെതിരെ എറണാകുളം റേഞ്ച് െഎ.ജിക്ക് സമർപ്പിച്ച പരാതി മണിക്കൂറുകൾക്കകം പിൻവലിച്ചു. അങ്കമാലി സ്വദേശി മാർട്ടിൻ പയ്യപ്പള്ളി നൽകിയ പരാതിയാണ് പിൻവലിച്ചത്. കർദിനാൾ മാർ േജാർജ് ആലഞ്ചേരിക്കെതിരായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹത്തെ കേസിൽപെടുത്താനും സഭയെ അപമാനിക്കാനും സഭയിലെ ഉന്നതരുടെ ഒത്താശയോടെ ചിലർ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുയർന്നിരുന്നു. െഎ.ജിക്ക് കിട്ടിയ പരാതി അദ്ദേഹം അസിസ്റ്റൻറ് പൊലീസ് കമീഷണർ ലാൽജിക്ക് കൈമാറി അൽപസമയത്തിന് ശേഷമാണ് മാർട്ടിൻ പിൻവലിച്ചത്. നാടകീയ സംഭവികാസത്തിന് പിന്നിൽ സഭയിലെ വിമത വിഭാഗത്തിെൻറ ഭീഷണിയാണെന്നാണ് കരുതപ്പെടുന്നത്. ഇതിനോട് പ്രതികരിക്കാൻ മാർട്ടിൻ വിസമ്മതിച്ചു. ഇതിനിടെ വിഷയം ചർച്ചചെയ്യാൻ വിമത അൽമായരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച യോഗം ചേർന്നു. ക്രമക്കേടിൽ നേരിട്ട് പങ്കാളിത്തമുള്ള കർദിനാളിനെതിരെ കാനൻ നിയമപ്രകാരം നടപടിക്കായി സഭ നേതൃത്വത്തിൽ സമ്മർദം ചെലുത്താൻ പുതിയ വഴികൾ യോഗത്തിൽ ആരാഞ്ഞു. ക്രിമിനൽ സ്വഭാവമുള്ള കേസിനെ സാമ്പത്തിക തട്ടിപ്പ് മാത്രമാക്കി ഒതുക്കാൻ ശ്രമം നടക്കുകയാണെന്നും ഇതിെൻറ മുന്നോടിയായാണ് സഭ നേതൃത്വത്തിന് പകരം സാജു വർഗീസ് കുന്നേലിനെ കേസിെൻറ മുഖ്യസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെന്നും വിമത അൽമായർ ആരോപിക്കുന്നു. സഭക്ക് വലിയ സാമ്പത്തിക നഷ്ടവും പ്രതിച്ഛായക്ക് മങ്ങലുമേൽപിച്ച കേസിൽ ഉചിതമായ നടപടി വരുന്നതുവരെ ശക്തമായി രംഗത്ത് തുടരാനാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.