സിഡ്കോയുടെ വളപ്പിൽനിന്ന്​ തേക്കിൻ തടികൾ കടത്താൻ ശ്രമിച്ചത്​ തടഞ്ഞു

ചേർത്തല: പൊതുമേഖല സ്ഥാപനമായ മായിത്തറയിലെ സിഡ്കോയുടെ വസ്തുവിൽ നിന്ന തേക്കിൻ തടികൾ മുറിച്ചുകടത്തുന്നത് നാട്ടുകാർ തടഞ്ഞു. വ്യവസായ യൂനിറ്റിന് സ്വകാര്യ വ്യക്തിക്ക് നൽകിയ ഭൂമിയിലെ 28 തേക്കിൻ മരങ്ങളാണ് മുറിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഇത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രദേശവാസികളായ കെ.പി.സി.സി അംഗം എസ്. ശരത്, കോൺഗ്രസ് സെക്രട്ടറി മണ്ണാശ്ശേരി മോഹനൻ എന്നിവർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയെങ്കിലും സിഡ്കോയിൽനിന്ന് വാങ്ങിയ ഭൂമിയായതിനാൽ മരം മുറിക്കാൻ അവകാശമുണ്ടെന്ന് മരംമുറിക്ക് നേതൃത്വം കൊടുത്തയാൾ പറഞ്ഞു. തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതുവരെ മരത്തടികൾ കൊണ്ടുപോകരുതെന്ന് നിർദേശം നൽകുകയായിരുന്നു. അവധി ദിവസമായതിനാൽ സിഡ്കോയുടെ ഉദ്യോഗസ്ഥർ സ്ഥലത്തില്ലായിരുന്നു. ഇവ രാത്രിയിൽ കടത്തുമെന്ന സൂചനയെ തുടർന്ന് ചേർത്തല ഡിവൈ.എസ്.പിക്ക് ശരത് രേഖാമൂലം പരാതി നൽകുകയും പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. സിഡ്കോയുടെ എസ്റ്റേറ്റ് മാനേജർ തിങ്കളാഴ്ച ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് മേലധികാരികൾക്ക് നൽകുകയും ഇവിടെനിന്ന് ലഭിച്ച നിർദേശത്തി​െൻറ അടിസ്ഥാനത്തിൽ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. അന്വേഷണം ആരംഭിച്ചതായും ആവശ്യമെങ്കിൽ മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്നും അർത്തുങ്കൽ എസ്.ഐ പറഞ്ഞു. വ്യവസായ സംരംഭത്തിന് സിഡ്കോ ഭൂമി നൽകുമ്പോൾ തന്നെ വ്യവസായിക ആവശ്യങ്ങൾക്ക് അല്ലാതെ ഉപയോഗിക്കാൻ പാടില്ലെന്നും മാത്രമല്ല മരം ഉൾപ്പെടെയുള്ളവയുടെ അവകാശം സിഡ്കോക്ക് ആയിരിക്കുമെന്നും വ്യവസ്ഥയുള്ളതാണെന്നും എസ്റ്റേറ്റ് മാനേജർ എ. ജോൺ പറഞ്ഞു. വെട്ടിയ മരത്തി​െൻറ മൂല്യനിർണയം നടത്തിയിട്ടില്ലെങ്കിലും സിഡ്കോയുടെ ആസ്തി രജിസ്റ്ററിൽ വെട്ടിയ തേക്ക് ഉൾപ്പെടെയുള്ളവയുടെ വിവരങ്ങളുണ്ടെന്നും പറഞ്ഞു. പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള തേക്കാണെങ്കിൽ പോലും വനംവകുപ്പി​െൻറ അനുവാദമില്ലാതെ വെട്ടാൻ പാടില്ലെന്നാണ് നിയമമെന്ന് ഡി.എഫ്.ഒ സുമി ജോസഫ് പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എൻജിനീയർ, ഡ്രൈവർ നിയമനങ്ങളിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡൻറ് സിബി ജോൺ, പഞ്ചായത്ത് അംഗങ്ങളായ എൻ.പി. പ്രദീപ്, വിജയകുമാരി, പി.വി. രജിമോൻ, ഗംഗാദേവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.