കൊച്ചി: ലബീബ് ബക്കർ ചിത്രങ്ങൾ വരക്കുകയാണ്; തന്നെപ്പോലെ ഓടിച്ചാടി നടക്കേണ്ട പ്രായത്തിൽ പലവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് സഹായമേകാൻ. നിരവധി ചിത്രരചന മത്സരങ്ങളിൽ വിജയിയായ ലബീബ്, രോഗികളായ കുട്ടികളെ സഹായിക്കുന്ന സൊലാസ് എന്ന ജീവകാരുണ്യ സംഘടനക്ക് വേണ്ടിയാണ് ഛായാചിത്രങ്ങൾ വരക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പള്ളിമുക്ക് ദിവാൻസ് റോഡിലെ വിമൻസ് അസോസിയേഷൻ ജൂബിലി ഹാളിൽ നടക്കുന്ന സീസൺസ് എക്സ്പോയിലാണ് കൊച്ചിയിലെ പ്രദർശനം. എക്സ്പോയിൽ എത്തി സൊലസിലേക്ക് ആയിരം രൂപയിൽ കുറയാത്ത തുക സംഭാവന നൽകുന്നവർക്ക് ഗ്ലാസിൽ െഫ്രയിം ചെയ്ത ചിത്രങ്ങൾ സമ്മാനമായി നൽകും. 15 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. കേരളത്തിലെ 1800 കുട്ടികൾക്ക് എല്ലാമാസവും ജീവൻരക്ഷ മരുന്നുകൾ സൊലാസ് സൗജന്യമായി നൽകുന്നുണ്ട്. ഏകദേശം 12 ലക്ഷം രൂപയാണ് ഇതിന് ചെലവ്. ഇത് കണ്ടറിഞ്ഞാണ് ലബീബ് തന്നെക്കൊണ്ടാവുംവിധം സഹായിക്കാൻ മുന്നോട്ടുവന്നത്. ചെറുപ്പം മുതൽ വരക്കുമെങ്കിലും എവിടെയും പോയി ചിത്രരചന പഠിച്ചിട്ടില്ല. ലബീബിെൻറ ആദ്യപ്രദർശനം കൂടിയാണിത്. തൃക്കാക്കര സെൻറ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. സൊലാസ് വളൻറിയർകൂടിയായ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. കെ.പി. ജാബിർ മൂസയുടെയും മുജുവിെൻറയും മൂത്തമകനാണ് ലബീബ്. പട്ടാമ്പിയാണ് സ്വദേശം. രണ്ടുവർഷമായി കാക്കനാട് കമ്പനിപ്പടിയിലാണ് താമസം. നാലാം ക്ലാസ് വിദ്യാർഥിനി ലൈബ ബക്കറാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.